ഇന്ത്യന്‍ ട്രാക്കുകളില്‍ ചീറിപ്പായാന്‍ ഇനി ഹൈഡ്രജന്‍ ട്രെയിനുകളും; ആദ്യമെത്തുക ഈ പാതയില്‍

Share our post

പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഹരിയാനയിലെ ജിന്ദ് ജില്ലയിലൂടെയാവും ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഓടുക.

ഈ വര്‍ഷം അവസാനത്തോടെ ഹൈഡ്രജന്‍ പവര്‍ തീവണ്ടികള്‍ ഓടിത്തുടമെന്നും ഇതിനായുള്ള രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ പ്ലാന്റ് ജിന്ദില്‍ ആരംഭിക്കുമെന്നും റെയില്‍വേ വക്താക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ശോഭന്‍ ചൗധരി കഴിഞ്ഞ ദിവസം ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. നിലവില്‍ ജര്‍മ്മനിയില്‍ മാത്രമാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടുന്നതെന്നും ഇന്ത്യ എങ്ങനെയാണ് ഇത്തരം ട്രെയിനുകള്‍ ആരംഭിക്കുന്നത് എന്നറിയാന്‍ ലോകം മുഴുവന്‍ പദ്ധതി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ പ്ലാന്റ് ജിന്ദ് ജില്ലയിലെ റെയില്‍വേ ജംഗ്ഷനു സമീപം സ്ഥാപിക്കും. പ്ലാന്റിന്റെ വികസനം അവസാന ഘട്ടത്തിലെത്തിയതായും ജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. എട്ട് ബോഗികളുള്ള ഹൈഡ്രജന്‍ ഇന്ധന അധിഷ്ഠിത ട്രെയിന്‍ പരിസ്ഥിതി സൗഹൃദമായിരിക്കും.

ഹൈഡ്രജന്‍ ട്രെയിനുകള്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം ഹൈഡ്രജന്‍ ഇന്ധന സെല്ലുകളാണ് ഉപയോഗിക്കുന്നത്. ഈ സെല്ലുകള്‍ ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത് ട്രെയിനിന്റെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഡീസലില്‍ ഓടുന്ന ട്രെയിനുകളേക്കാള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണ് ഇതെന്നാണ് കണ്ടെത്തല്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!