ടി.പി. കേസിലെ പ്രതി രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു

കണ്ണൂർ: കേരളത്തിലേക്ക് തോക്കുകടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കസ്റ്റഡിലെടുത്ത ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ. രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽ തിരികെയെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് ബെംഗളൂരു പോലീസ് ഇയാളെ കണ്ണൂരിലെത്തിച്ചത്.
ബെംഗളൂരു പോലീസ് കസ്റ്റഡിലെടുത്ത് 14 ദിവസം പിന്നിട്ടിട്ടും രജീഷിനെ എന്ന് തിരിച്ചെത്തിക്കുമെന്നതിൽ കേരള പോലീസിനും ജയിൽവകുപ്പിനും അറിവുണ്ടായിരുന്നില്ല.
ജൂൺ 13-ന് വൈകിട്ട് 4.30-നാണ് ബെംഗളൂരു കബൺ പാർക്ക് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ സെൻട്രൽ ജയിലിലെത്തി രജീഷിനെ കസ്റ്റഡിലെടുത്തത്. പിന്നീട് രജീഷിനെക്കുറിച്ചുള്ള ഒരു വിവരവും ബെംഗളൂരു പോലീസ് കേരളത്തിന് കൈമാറിയില്ല. ആയുധക്കടത്തായതിനാൽ പോലീസ് ഗൗരവത്തോടെയാണ് കേസ് പരിഗണിക്കുന്നത്.
തോക്ക് കടത്തുകേസിലെ പ്രതി മലയാളിയായ നീരജ് ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.