കൊട്ടിയൂർ : വീടിന്റെ പിന്നാമ്പുറത്ത് നിർമ്മിച്ചിരിക്കുന്ന വിശാലമായ പന്തലിൽ വിവിധ വർണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച ഏവരിലും കൗതുകം ഉണർത്തുന്നു. കണ്ണൂർ കളക്ട്രേറ്റിൽ നിന്നും ഡ്രാഫ്റ്റ്‌മാനായി വിരമിച്ച കൊട്ടിയൂർ കണ്ടപുനത്തെ എൺപതുകാരൻ കളത്തിൽ രവീന്ദ്രന്റെ വ്യത്യസ്ത കൃഷിയോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന ഗാഗ് ഫ്രൂട്ട് കൃഷിയിൽ വിജയം വരിച്ചത്.
ഏറെ പ്രത്യേകതകളുള്ള വിയറ്റ്നാം സ്വദേശിയായ ഈ ഫലം പരാഗണം നടക്കുന്നതിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കായ്ഫലം ലഭ്യമാക്കുക എന്നത് ശ്രമകരമായ ഒരു പണിയായിരുന്നു.
നേരത്തെ നട്ട തൈക്ക് വെങ്ങലോടിയിലെ ഒരു തയ്യിൽ നിന്നുള്ള ആൺ പൂവിൽ നിന്നും കൃത്രിമ പരാഗണം എത്തിച്ചത് പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ കൃഷി രീതികൾ ഇഷ്ടപ്പെടുന്ന രവിയേട്ടൻ പിന്മാറാൻ തയ്യാറായില്ല. അങ്കമാലി സ്വദേശിയിൽ നിന്നും ഗാഗ് ഫ്രൂട്ടിന്റെ പുതിയ തൈകൾ എത്തിച്ചത് കൃഷി ചെയ്തു. സ്വർഗത്തിലെ പഴമെന്ന് വിളിപ്പേരുള്ള ഗാഗ് ഫ്രൂട്ട് ഒടുവിൽ പ്രതീക്ഷിച്ചതിലും അപ്പുറമായി വിജയിച്ചപ്പോൾ രവിയേട്ടന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം
പിന്നാമ്പുറത്താണ് നിലവിലെ കൃഷിയെങ്കിലും പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിൽ വിവിധ പാകത്തിലുള്ള ഗാഗ് ഫലങ്ങൾ പന്തലിൽ തൂങ്ങിക്കിടക്കുന്ന മനോഹര കാഴ്ച ആരെയും ആകർഷിക്കും.ഈ വർഷം വീടിന് മുമ്പിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് ഈ പ്രായത്തിലും ചുറുചുറുക്കോടെ കൃഷിയിൽ ഏർപെടുന്ന രവിയേട്ടന്റെ തീരുമാനം.
പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പഴം വിളവെടുക്കാൻ പാകമാകുന്നത്. പഴത്തിന് ഒരു കിലോക്ക് അടുത്ത് ഭാരം ഉണ്ട്. ഒരു പഴത്തിന് 1000 മുതൽ 1500 രൂപ വരെയാണ് വിപണി വില.നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഗാഗ് പഴം. ജ്യൂസ്, അച്ചാർ, സോസ് തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇലകളും മൂപ്പെത്താത്ത കായും പച്ചക്കറിയായും ഉപയോഗിക്കാം. തോടും ഭക്ഷ്യയോഗ്യമാണ്.
വിത്തിന്റെ വിപണനമാണ് രവിയേട്ടൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 10 എണ്ണം അടങ്ങിയ ആൺ പെൺ വിത്തുകൾ 200 രൂപ തോതിൽ ആവശ്യക്കാർക്ക് കൊടുത്തുവരുന്നുണ്ട്. വേര് പിടിപ്പിച്ച ഡ്രാഗൺ ഫ്രൂട്ട് തൈയും കൊടുക്കാറുണ്ട്. ഇവയെല്ലാം കൊറിയറായും അയക്കാറുണ്ട്.
കൃഷിയെ ഏറെ സ്നേഹിക്കുന്ന രവിയേട്ടന് ടെറസിലും പറമ്പിലുമായി ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമുണ്ട്. സ്വന്തമായുള്ള 50 സെന്റ് സ്ഥലത്ത് വിദേശ ഇനത്തിൽ പെട്ട അബിയു, ആപ്പിൾ, ബറാബ, മുന്തിരി, സ്റ്റാർ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട് തുടങ്ങിയ വിദേശ ഫല വൃക്ഷങ്ങളും വിത്യസ്തമായ മൂന്നിനം മാങ്ങകൾ കായ്ക്കുന്ന ഡ്രാഫ്റ്റ് ചെയ്ത മാവും തുടങ്ങി 25 ഇനത്തിൽ പെട്ട ഫലവൃക്ഷങ്ങളുണ്ട്.
രവിയേട്ടന്റെ കൃഷിയോടുള്ള ആവേശത്തിന് കൂട്ടായും പലതരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചും ഭാര്യ സൗമിനി ഒപ്പമുണ്ട്.
ഫോൺ: 9400430078