ഫോൺ മോഷണം: ഐ.എം.ഇ.ഐ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; എങ്ങനെ രജിസ്റ്റർ ചെയ്യാം

Share our post

തിരുവനന്തപുരം : കീശയിലുള്ള മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ സൂക്ഷിച്ചാൽ ഫോൺ കള്ളൻ കൊണ്ടുപോയാലും ദുഃഖിക്കേണ്ട. സെൻട്രൽ എക്യുപ്‌മെന്റ്‌ ഐഡന്റിറ്റി രജിസ്റ്ററിൽ (സി.ഇ.ഐ.ആർ) നമ്പർ കൊടുത്താൽ നഷ്ടമായ ഫോണിന്റെ പ്രവർത്തനം നിലയ്‌ക്കും. മറ്റൊരാൾക്കും ഉപയോഗിക്കാനാകില്ലെന്ന്‌ ഉറപ്പാക്കുന്നതോടെ ഫോൺ തിരികെ കിട്ടാനുള്ള സാധ്യതയുമേറും.

മൊബൈൽ ഫോൺ മോഷണം വ്യാപകമായ സാഹചര്യത്തിലാണ്‌ സർക്കാർ പോർട്ടലിന്‌ രൂപം കൊടുത്തത്‌. ഏതൊരു ഫോണും പ്രവർത്തിക്കുന്നത്‌ ഐ.എം.ഇ.ഐ നമ്പർ അടിസ്ഥാനമാക്കിയാണ്‌. ഇത്‌ ബ്ലോക്ക്‌ ചെയ്യുന്നതോടെ ഫോൺ നിശ്ചലമാകും. മോഷ്ടിച്ച മൊബൈലിന്റെ വിൽപ്പനയും തടയാം.

മൊബൈൽഫോൺ നിർമാണ കമ്പനികളും ഫോണുകളുടെ ഐഎംഇഐ നമ്പർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്‌. രജിസ്റ്റർ ചെയ്‌താലുടൻ ഫോൺ എവിടെയുണ്ടെന്ന്‌ ട്രാക്ക്‌ ചെയ്യാം. ഫോണിൽ മറ്റേതെങ്കിലും സിംകാർഡ്‌ ഇട്ടാൽ ഉടൻ ഫോൺ എവിടെയുണ്ടെന്ന്‌ പോർട്ടലിൽ ലഭ്യമാകും. പൊലീസിന്‌ മോഷ്ടാക്കളിലേക്ക്‌ എളുപ്പത്തിലെത്താം.

രാജ്യത്താകമാനം 6.03 ലക്ഷം മൊബൈൽ ഫോണാണ്‌ പോർട്ടലിലൂടെ ബ്ലോക്ക്‌ ചെയ്‌തത്‌. ഇതിൽ 2.68 ലക്ഷം ഫോണും ട്രാക്ക്‌ ചെയ്‌തിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഇതുവരെ 2045 ഫോണാണ്‌ ബ്ലോക്ക്‌ ചെയ്‌തത്‌. ഇതിൽ 514 ഫോൺ എവിടെയുണ്ടെന്ന്‌ കണ്ടെത്തി. 144 ഫോൺ വീണ്ടെടുത്തു. ഉടമസ്ഥന്‌ കൈമാറുന്ന ഫോൺ അൺലോക്ക്‌ ചെയ്യാനുള്ള സംവിധാനവും പോർട്ടലിലുണ്ട്‌.

എങ്ങനെ രജിസ്റ്റർ ചെയ്യാം

മൊബൈൽ ഫോൺ നഷ്ടമായാൽ ഉടൻ അടുത്തുള്ള പൊലീസ്‌ സ്റ്റേഷനിൽ പരാതിപ്പെടുക. www.ceir.gov.in എന്ന പോർട്ടലിൽ പ്രവേശിക്കുക. ബ്ലോക്ക്‌ സ്റ്റോളൻ/ലോസ്റ്റ്‌ മൊബൈൽ എന്ന ഓപ്‌ഷനിൽ ക്ലിക്ക്‌ ചെയ്‌ത്‌ വിശദാംശങ്ങൾ നൽകി പരാതി രജിസ്റ്റർ ചെയ്യുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!