കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹവ വകുപ്പ്. അപകടം സ്വയം വിളിച്ചു വരുത്തുന്ന ഈ രീതിക്കെതിരെയുള്ള നിയമങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് എം. വി. ഡി.
കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി
1.മോട്ടോർ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ
2. വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാൾക്ക് 25000 രൂപ പിഴ. (MV Act 199 A(2)
3. രക്ഷിതാവ് അല്ലെങ്കിൽ ഉടമയ്ക്ക് 3 വർഷം വരെ തടവ് ശിക്ഷ. (MV Act 199 A(2)
4.വാഹനത്തിൻ്റെ റെജിസ്ടേഷൻ ഒരു വർഷം റദ്ദാക്കൽ. Mv Act 199 A (4)
5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ്/ലേർണേർസ് എടുക്കുന്നതിന് വിലക്ക്. (MV Act 199 A(5)
6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ (MV Act 199 A(6)
അതേസമയം, ക്യാമറയിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മുല്ലപ്പൂ ചൂടുന്ന പോലെ തലയിൽ ഹെൽമെറ്റ് എടുത്ത് തിരിച്ചു വച്ച് യാത്ര ചെയ്യുന്നവരും തലക്കേൽക്കുന്ന ആഘാതം ചെറുക്കുന്ന ഇ. പി. എസ് ഫോം ഇല്ലാത്ത ചിരട്ട പോലത്തെ ഹെൽമറ്റുകളും മറ്റും ധരിക്കുന്നവരും സ്വയം വഞ്ചന ചെയ്യുക മാത്രമല്ല സമൂഹത്തിന് തീർത്തും തെറ്റായ സന്ദേശങ്ങള്‍ നല്‍കുക കൂടിയാണ് ചെയ്യുന്നതെന്ന് എം.വി.ഡി അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ഇങ്ങനെ ചെയ്യുന്ന രക്ഷിതാക്കൾ സ്വന്തം മക്കൾക്ക് നൽകുന്ന സന്ദേശം എന്താണ്? താടി ഭാഗങ്ങൾ അടക്കം പൂർണ്ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂർണ്ണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ഹെൽമെറ്റ് ഉപയോഗിക്കുക മാത്രമല്ല ഒരു വിരൽ കടക്കാവുന്ന ഗ്യാപ്പിൽ ചിൻസ് സ്ട്രാപ്പ് മുറുക്കി ഹെൽമെറ്റ് ഉപയോഗിച്ചാൽ മാത്രമേ അത് യാത്രകളിൽ തലയ്ക്ക് സംരക്ഷണം നൽകൂ എന്നും എംവിഡി ഓര്‍മ്മിപ്പിച്ചു.