യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ ബന്ധുവിനെ കുത്തിക്കൊന്നു

കാസര്‍കോട്: യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യത്തില്‍ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് മധൂര്‍ അറംതോട് സ്വദേശി സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതി പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് കജംപാടിയില്‍വെച്ചാണ് സന്ദീപിന് കുത്തേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപ് ഇന്ന് (തിങ്കളാഴ്ച) മരിച്ചു.
സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന്‍ രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. ഇത് സന്ദീപ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഞായറാഴ്ച സന്ദീപ് കജംപാടിയിലേക്ക് എത്തിയ വിവരം അറിഞ്ഞ് റോഡില്‍ കത്തിയുമായി കാത്തുനിന്ന പവന്‍രാജ് ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് അക്രമിച്ചത്. സന്ദീപിന് കഴുത്തില്‍ രണ്ടുതവണ കുത്തേറ്റിരുന്നു.