ബാങ്ക് വായ്പത്തട്ടിപ്പ്; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

Share our post

പുല്പള്ളി: പുല്പള്ളി സർവീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ ബാങ്ക് മുൻ ഭരണസമിതിയംഗവും കോൺഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസിനെ (60) പോലീസ് അറസ്റ്റുചെയ്തു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഞായറാഴ്ച വൈകുന്നേരമാണ് പൗലോസിനെ അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഡാനിയേലിന്റെ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുൻ സെക്രട്ടറി കെ.ടി. രമാദേവി എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ സർച്ചാർജ് നടപടിക്ക് ഉത്തരവിട്ടവരിൽ വി.എം. പൗലോസും ഉൾപ്പെട്ടിട്ടുണ്ട്. 2022-ലെ പരാതിയിലാണ് ഇപ്പോൾ പോലീസ് നടപടി. തട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതോടെയാണ് ഡാനിയേലിന്റെ പരാതിയിൽ പോലീസ് പ്രതികളെ അറസ്റ്റുചെയ്യാൻ തയ്യാറായത്.

വായ്പത്തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനായ സജീവൻ കൊല്ലപ്പള്ളിലിനെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. എട്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

സാമ്പത്തികത്തട്ടിപ്പ് കേസിൽ മണ്ഡലം പ്രസിഡന്റുതന്നെ അറസ്റ്റിലായതോടെ പുല്പള്ളിയിലെ കോൺഗ്രസ് പാർട്ടി വലിയ പ്രതിസന്ധിയിലാണ്. തട്ടിപ്പിന് കൂട്ടുനിന്നെന്ന് സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ബാങ്ക് മുൻ ലോൺ സെക്‌ഷൻ മേധാവി പി.യു. തോമസിനെയും അറസ്റ്റുചെയ്യണമെന്ന ആവശ്യം ശക്തമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!