സന്ദർശകരെ വരവേൽക്കാൻ പുല്ലൂപ്പിക്കടവ്

കണ്ണാടിപ്പറമ്പ് : വളപട്ടണം പുഴയുടെ മനോഹാരിതയിൽ വർണവസന്തം തീർക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ജൂലൈയിൽ നാടിന് സമർപ്പിക്കും. പുഴയുടെ സൗന്ദര്യത്തിന് തിളക്കമാകുംവിധമാണ് പുല്ലൂപ്പിക്കടവ് ടൂറിസം അണിഞ്ഞൊരുങ്ങുന്നത്. പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഇരുവശങ്ങളെ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. ജലസാഹസിക ടൂറിസത്തിന് അനുയോജ്യ കേന്ദ്രമായ ഇവിടെ 4.15 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്.
കെ.വി. സുമേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് സമർപ്പിച്ച വിശദ രേഖ അംഗീകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. സൂര്യാസ്തമയം കാണാനുള്ള ഇരിപ്പിടങ്ങളോടുകൂടിയ പാർക്ക്, ചിത്രപ്പണികളോടെയുള്ള വിളക്കുകാലുകൾ, വാട്ടർ സ്‌പോർട്സ് ആക്ടിവിറ്റികൾ, നടപ്പാതകൾ, സൈക്ലിങ് പാത, കഫ്‌റ്റേരിയ, ഫ്ലോട്ടിങ് റസ്റ്റോറന്റ്, കടമുറികൾ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് പൂർത്തിയായത്.
മുംബൈയിൽനിന്ന് ഇറക്കുമതി ചെയ്‌ത വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന 16 മീറ്റർ നീളമുള്ള പാലത്തോടുകൂടിയ ഫ്ലോട്ടിങ് ഡൈനിങ്ങുകളും സിങ്കിൾ ഡൈനിങ്ങുകളും പുഴയോര കാഴ്ചയ്ക്ക് മിഴിവേകും. കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടനപ്പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്തും സമൃദ്ധമായ പുല്ലൂപ്പിക്കടവ് സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറും. ഉദ്‌ഘാടനത്തിനൊരുങ്ങുന്ന വേളയിൽ നിരവധിയാളുകളാണ് കുടുംബസമേതം ഇവിടെ വിനോദസഞ്ചാരികളായെത്തുന്നത്.