രാത്രി ടൗണിൽ തള്ളാനെത്തിയ കല്യാണവീട്ടിൽ നിന്നുള്ള മാലിന്യം പിടിച്ചു

കണ്ണൂർ : കല്യാണവീട്ടിൽനിന്ന് പൊതുസ്ഥലത്ത് തള്ളാൻ കൊണ്ടുവന്ന മാലിന്യം കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചു. ഞായറാഴ്ച രാത്രി 11.45-ഓടെ ടൗണിൽ രാജീവ് ഗാന്ധി റോഡിലാണ് സംഭവം.
ചാലാടുള്ള കാറ്ററിങ് നടത്തിപ്പുകാരാണ് മാലിന്യം തള്ളാൻ ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്നത്. വാഹനം കോർപ്പറേഷൻ അധികൃതർ പിടിച്ചെടുത്തു. 10,000 രൂപമുതൽ 50,000 രൂപവരെ പിഴയീടാക്കാവുന്ന കുറ്റമാണിത്.
ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാധികാദേവി, ജൂലിമോൾ, ഡ്രൈവർ ഷബീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ രാത്രിപരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. രാജേഷ് അറിയിച്ചു.