ഏഴു മാസം കൊണ്ട് വരുമാനം രണ്ട് കോടി; കെ.എസ്.ആര്.ടി.സി ഗവി ടൂര്‍ ട്രിപ്പുകള്‍ 500-ലേക്ക്

പാക്കേജ് ആരംഭിച്ച് ഏഴുമാസം പിന്നിടുമ്പോള്‍ ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ പാക്കേജ് 2023 ജൂണ്‍ 27 ആകുമ്പോള്‍ 500-ലേക്ക്. ഇതുവരെ നടത്തിയ എല്ലാ ട്രിപ്പിലും നിറയെ യാത്രക്കാര്‍ എന്നതാണ് സര്‍വീസിന്റെ ഏറ്റവും വലിയ പ്രത്യേകത.
കേരളത്തിന്റെ നാനാഭാഗത്തുനിന്നുപോലും ആളുകള്‍ ഗവിയിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുവരെ നടത്തിയ 491 സര്‍വീസുകളിലായി രണ്ടുകോടിക്ക് മുകളിലാണ് കെ.എസ്.ആര്.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്.
പത്തനംതിട്ടയില്‍ നിന്നാരംഭിക്കുന്ന യാത്രയില്‍ ഡ്യൂട്ടിക്കായി പരിചയസമ്പന്നരായ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ ഗവിയെക്കുറിച്ചുള്ള അനുഭവസമ്പത്ത് യാത്രക്കാര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്.
സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബസിലെ ജീവനക്കാര്‍ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റര്‍ വനയാത്രയാണ്. കക്കി സംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാം.
എക്കോപ്പാറയിലാണ് കാട്ടുപോത്തുകളെയും പുള്ളിമാനുകളെയും കാണാനാകുക. കടുവയെയും പുലിയെയുമെല്ലാം കാണുന്ന സാഹചര്യങ്ങളും അപൂര്‍വമായി സഞ്ചാരികള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.
ബസിലെ യാത്രക്കാര്‍ക്കൊപ്പം കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ആര്. രാജേഷിന്റെ സെല്‍ഫി ഒരുദിവസം മൂന്ന് വീതം സര്‍വീസുകളാണ് ഗവിയിലേക്ക് നടത്തുക. മൂന്നും പത്തനംതിട്ടയിലെ ബസുകളാണ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും.
രാത്രി എട്ടരയോടെ മടങ്ങിയെത്തും പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1,300 രൂപയാണ് നിരക്ക്. പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ എന്നിവ കാണാം. തുടര്‍ന്ന് കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഉച്ചഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി നേരേ പരുന്തുംപാറയിലേക്ക്.
ഇടയ്ക്കിടെ വീശിപ്പോകുന്ന കാറ്റും അതിനൊപ്പം മുന്നറിയിപ്പില്ലാതെ പറന്നും പെയ്തും വരുന്ന മഞ്ഞുമാണ് ഇവിടത്തെ ആകര്‍ഷണീയത. സമുദ്രനിരപ്പില്‍നിന്ന് 4,700 അടി ഉയരത്തിലാണ് പരുന്തുംപാറ. ഇവിടെനിന്ന് വൈകീട്ട് 6.30-ന് പുറപ്പെട്ട് 8.30-ന് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്.
ദൂരെ ജില്ലകളില്‍നിന്ന് വരുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ഇവിടെനിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്.