കുറ്റവാളികളെ പറന്ന് പിടിക്കാൻ കണ്ണൂർ‌ പോലീസ്

Share our post

ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത മേഖലകൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്.

ഇത് ആദ്യമായാണ് കണ്ണൂർ ജില്ലയിൽ നക്സലുകളെ നിരീക്ഷിക്കുന്നതിന് ഡ്രോണിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. 10 കിലോ മീറ്റർ ദൂരത്തിൽ വരെ ഡ്രോൺ പറത്താൻ കഴിയും. ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിലെ വനമേഖലയിൽ പലയിടങ്ങളിലായി നിരവധി ട്രൈബൽ കോളനികൾ ഉണ്ട്. പുതിയ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രസ്തുത വന മേഖലകളുടെ നിരീക്ഷണം പോലീസിന് എളുപ്പമായി.

വരും ദിവസങ്ങളിലും കൂടുതൽ മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ ആണ് പൊലീസിന്റെ തീരുമാനം. ഇതിനു പുറമേ മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെയും അനധികൃത ചെങ്കൽ, കരിങ്കൽ ഖനനം നടത്തുന്നതിന് എതിരെയും നിരീക്ഷണം നടത്തും.‌ മുൻപ് കോവിഡ് കാലത്ത് നിരീക്ഷണം നടത്തുന്നതിനായി പോലീസ് സ്വകാര്യ വ്യക്തികളുടെ ഡ്രോൺ ഉപയോഗപ്പെടുത്തിയിരുന്നു.

എന്നാൽ സ്വന്തമായി പൊലീസിന്റെ ഡ്രോൺ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണം കണ്ണൂർ ജില്ലയിൽ നടത്തുന്നത് ആദ്യമായാണ്.സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അക്രമം കാട്ടുന്ന കുറ്റവാളികളെ തിരിച്ചറിയാനും പൊലീസിന്റെ ഡ്രോൺ ഇറങ്ങും.

ഇതിലെ അൾട്രാ സൂം ക്യാമറ രാവും പകലും വ്യക്തമായ ദൃശ്യം ഒപ്പിയെടുക്കും. അക്രമം കാട്ടി മുങ്ങിയാലും പിടികൂടും. പ്രശ്നം ഉണ്ടായ സ്ഥലത്തെ സിസിടിവി ക്യാമറകളാണ് ഇപ്പോൾ പൊലീസിന്റെ ഏക ആശ്രയം. എന്നാൽ പല സ്ഥലങ്ങളിലും ക്യാമറകൾ പ്രവർത്തിക്കാറില്ല.

ജില്ലാ പോലീസ് ഹെഡ് ക്വാട്ടേഴ്സിൽ ആണ് ഡ്രോൺ സൂക്ഷിക്കുക. സ്റ്റേഷൻ എസ്എച്ച്ഒമാർ അപേക്ഷിക്കുന്ന പക്ഷം ഡ്രോ‍ൺ സ്റ്റേഷനുകളിൽ എത്തിക്കും. താൽപര്യം ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ കോഴ്സിനു അയച്ച ശേഷം ഡ്രോൺ ഉപയോഗം പഠിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ജില്ലയിൽ നിന്നുള്ള രണ്ടാം ബാച്ച് കോഴ്സ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആദ്യ ബാച്ചിൽ ഉൾപ്പെട്ട മിഥുൻ ആണ് ഇന്നലെ ഡ്രോൺ പറത്തിയത്. കണ്ണവം എസ്എച്ച്ഒ ടി.എം.വിപിൻ, മനോജ്, സരിത്ത് എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!