വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിച്ചില്ല; ബസ് തടഞ്ഞ് ചുമട്ടുതൊഴിലാളികൾ

മാഹി: മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മാഹി സഹകരണ സൊസൈറ്റിയുടെ ബസ് പള്ളൂരിൽ ചുമട്ടുതൊഴിലാളികൾ തടഞ്ഞുവെച്ചു.
ഇതേ തുടർന്ന് സൊസൈറ്റി ബസുകൾ ഓട്ടം നിർത്തി. മാഹിയിൽ സ്റ്റുഡൻസ് സ്പെഷൽ ബസുകൾ വിദ്യാർഥികൾക്കായി സൗജന്യ സർവിസ് നടത്തുന്നതിനാൽ ഇന്ധനച്ചിലവിന് പോലും കലക്ഷൻ ലഭിക്കാത്ത സാഹചര്യത്തിൽ സഹകരണ ബസുകളിൽ യാത്രാ ഇളവ് അനുവദിക്കാനാവില്ലെന്ന് സൊസൈറ്റി ബസ് അധികൃതർ മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററെ കണ്ട് അറിയിച്ചിരുന്നു.
അദ്ദേഹം പ്രസ്തുത ആവശ്യം അംഗീകരിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു. മാഹിയിൽ ബസ് അനുവദിച്ചെങ്കിലും ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ, ചെമ്പ്ര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുട്ടികൾക്കാവശ്യമായ യാത്ര സൗകര്യം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതിനാൽ മാഹിയിലെ സ്കൂൾ വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ മാഹി ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ അധികൃതരോടാവശ്യപ്പെട്ടു.