വണ്ടി വാങ്ങുന്നവരല്ല, വില്‍ക്കുന്നവരാണ് അത് ചെയ്യേണ്ടത്; മറക്കണ്ട, അല്ലെങ്കില്‍ പണി പിന്നാലെ

സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന ഇന്ന് വലിയൊരു വിപണിയായി വളര്‍ന്നുകഴിഞ്ഞു. ആളുകള്‍ മുഖേനയും യൂസ്ഡ് വാഹനങ്ങളുടെ ഡീലര്‍ഷിപ്പുകളിലൂടെയും ദിവസേന നിരവധി വാഹനങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്.
എന്നാല്‍, തീര്‍ത്തും പരിചയമില്ലാത്ത ഒരാള്‍ക്ക് വാഹനം കൈമാറുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിവേണം നല്‍കാനെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.
ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം മറ്റൊരാള്‍ക്ക് കൈമാറിയിട്ടുള്ളതെങ്കില്‍ അത് ഭാവിയില്‍ നിയമപ്രശ്‌നങ്ങളിലേക്കും മന:സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നീളുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.
വാഹനം അപകടത്തില്‍ പെട്ടാലുള്ള നൂലാമാലകള്‍, മറ്റ് നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നടപടികള്‍ എന്നിവയെല്ലാം ഉടമസ്ഥാവകാശം മാറ്റയില്ലെങ്കില്‍ ആദ്യ ഉടമയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.
ഒരു വാഹനം മറ്റൊരാള്‍ക്ക് വിറ്റാല്‍ അതിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്നതാണ് ആദ്യമറിയേണ്ടത്. വാഹനം വില്‍ക്കുന്ന ആളിന്റെ, അല്ലെങ്കില്‍ നിലവിലെ ഉടമസ്ഥന്റെ ഉത്തരവാദിത്വമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് വാഹനം മാറ്റി നല്‍കേണ്ടത്. ഇതിനായി നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ് നിലകൊള്ളുന്ന ആര്‍.ടി.ഓഫീസിലോ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയും.
ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് പേപ്പറുകളും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്ത്, വില്‍ക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. എന്റര്‍ ചെയ്ത അപേക്ഷ തയാറാക്കി നിലവിലുള്ള ഓഫീസില്‍ തന്നെ അപേക്ഷ നല്‍കിയാല്‍ മതിയാകും. പേര് മാറിയതിന് ശേഷം ആര്‍.സി. ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ ഉടമസ്ഥന് ആര്‍.ടി.ഓഫീസില്‍ നിന്ന് അയച്ചുനല്‍കും.
ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ലെസ് സേവനമായിട്ടാണ് അപേക്ഷിക്കുന്നതെങ്കില്‍ നിലവിലുള്ള ഒറിജിനല്‍ രേഖകള്‍ ആര്‍.ടി. ഓഫീസില്‍ ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതും ഇപ്പോള്‍ സാധ്യമാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യങ്ങളില്‍ വില്‍ക്കുന്നയാള്‍ സ്വന്തം പേരില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം മാത്രമേ വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ്.