എ.ഐ.ക്യാമറ എഫക്ട്; ലിഫ്റ്റടിച്ചുള്ള യാത്രയില്ല, ഹെല്‍മെറ്റില്ലാതെയുള്ള യാത്ര കുറഞ്ഞു

കണ്ണൂർ: റോഡില്‍ ക്യാമറ വന്നതോടെ ഹെല്‍മെറ്റില്ലാ യാത്രക്കാര്‍ കുറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഹെല്‍മെറ്റിനുള്ളിലായി. ഹെല്‍മെറ്റ് വിപണിയിലും തിരക്കാണ്. എന്നാല്‍ ക്യാമറയില്‍ നിന്ന് രക്ഷപ്പെടാന്‍ നിലവാരമില്ലാത്ത ഹെല്‍മെറ്റ് വാങ്ങി ധരിക്കുന്നവരുമുണ്ട്.
നല്ല ഹെല്‍മെറ്റ് ഇടൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാളും പിന്‍സീറ്റിലിരിക്കുന്നവരും ഗുണനിലവാരമുള്ള ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിക്കണം. അല്ലാതെ ക്യാമറയെ പേടിച്ച് യാത്രചെയ്യുന്നത് അപകടകരമാണ്.
വില്‍പ്പന കൂടി, പാതയോരത്തും
എ.ഐ. ക്യാമറകള്‍ വന്നതോടെ ഹെല്‍മറ്റ് വിപണി ഉഷാറായി. കടകള്‍ക്കൊപ്പം വഴിയോരവിപണിയും സജീവമായി. എല്ലായിടത്തും ഗുണമേന്മയുള്ള ഹെല്‍മെറ്റുകളല്ല ലഭിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ഐ.എസ്.ഐ. മുദ്രയുണ്ട്.
ഇത്തരം ഹെല്‍മെറ്റുകള്‍ മാത്രമാണ് റോഡപകടങ്ങളില്‍ സുരക്ഷ ഉറപ്പ് നല്‍കുന്നത്. 800 രൂപ മുതല്‍ ഇവയുടെ വിപണിവില. എന്നാല്‍ റോഡരികിലും മറ്റും വ്യാജ ഐ.എസ്.ഐ. സ്റ്റിക്കറുകള്‍ പതിച്ച വിലകുറഞ്ഞ ഹെല്‍മെറ്റുകളുണ്ട്. 300 രൂപ മുതല്‍ പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജനിറങ്ങുന്നുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളുള്ള ഹെല്‍മെറ്റുകളുമുണ്ട്.
സോറി, ലിഫ്റ്റില്ല
ഹെല്‍മെറ്റില്ലാ യാത്രയ്ക്ക് പിഴവന്നതോടെ ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇപ്പോള്‍ ലിഫ്റ്റ് കൊടുക്കാറില്ല. ഹെല്‍മെറ്റ് ഉപയോഗിക്കാത്ത ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി പിടിച്ചത്. അതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്ത കേസുകളാണേറെ.
ഹെല്‍മെറ്റിന്റെ ക്ലിപ്പിടാതെ സഞ്ചരിച്ചവര്‍ക്കും പിഴയുണ്ട്. പിറകിലെ ആള്‍ ഹെല്‍മെറ്റിന് പകരം തൊപ്പിയിട്ടാലും ക്യാമറ പിടിക്കും. ഹെല്‍മെറ്റില്ലാതെ ഓടിച്ചാല്‍ 500 രൂപയാണ് പിഴ. ബൈക്കിന്റെ പിറകിലിരുന്നാലും 500 രൂപ നല്‍കണം.
തല മാത്രമല്ല താടിയും നോക്കണം
താടിഭാഗങ്ങളടക്കം പൂര്‍ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എഫ്.ബി. പോസ്റ്റില്‍ കുറക്കുന്നു. നല്ല പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.