പിന്നോട്ടെടുത്ത വാഹനം ശരീരത്തില്‍ കയറിയിറങ്ങി; മദ്രസ അധ്യാപകന് ദാരുണാന്ത്യം

ആലുവ: പിന്നോട്ടെടുത്ത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം.
എന്താണ് സംഭിവിച്ചതെന്ന് ഡ്രൈവര്‍ക്ക് മനസിലാകാതെ ഡ്രൈവർ പുറത്തിറങ്ങി നോക്കുന്നത് വീഡിയോയിൽ കാണാം. മുഹ്‌യുദ്ദീന്റെ ശരീരത്തില്‍ കയറിയ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നീങ്ങാതായതോടെയാണ് ഡ്രൈവര്‍ പുറത്തിറങ്ങി നോക്കുന്നത്.
എന്നാല്‍, കാൽനട യാത്രക്കാരൻ വാഹനത്തിന് അടിയിൽ പെട്ടുപോയതിനാൽ അസ്വാഭാവികമായി ഒന്നും ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തിരിച്ച് വാഹനത്തില്‍ കയറിയ ഡ്രൈവര്‍ ഒരിക്കല്‍കൂടെ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചപ്പോഴും വാഹനം മുന്നോട്ടനീങ്ങാൻ പ്രയാസപ്പെട്ടു.
രാവിലെ പത്രവിതരണത്തിനായി എത്തിയവര്‍ ഓടിക്കൂടിയപ്പോഴാണ് വണ്ടിക്കടിയില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പാലുമായി വന്ന വാഹനത്തിന്റെ ഭാരം മൂലം മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ വളരെ നേരത്തെ പരിശ്രമം വേണ്ടിവന്നു.
ലോഡ് മുഴുവനായി ഇറക്കിയ ശേഷം വാഹനം ചരിച്ചാണ് മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സാധിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം ആലുവ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.