രോഗമുണ്ടെങ്കില്‍ ഇരുചക്രവാഹന യാത്ര ഉപേക്ഷിക്കണം; ഹെല്‍മെറ്റില്‍ ഇളവില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സാങ്കേതികമുന്നേറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനായി എ.ഐ. ക്യാമറ സ്ഥാപിച്ചത് നൂതനചുവടുവെപ്പെന്ന് ഹൈക്കോടതി. ഗതാഗതനിയന്ത്രണത്തിനായി ഈ സംവിധാനം നടപ്പാക്കിയതിന് സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും അഭിനന്ദിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
രോഗമുണ്ടെന്നതിന്റെ പേരില്‍ ഹെല്‍മെറ്റ് വെക്കുന്നതില്‍ ഇളവുതേടി മുവാറ്റുപുഴ സ്വദേശി വി.വി. മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ അഭിനന്ദനം. എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലായിരുന്നു ഹര്‍ജി. ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കുന്നതിന് ഇളവുനല്‍കാനാകില്ല.
രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കണം. മൂവാറ്റുപുഴ ആര്‍.ടി.ഒ.യുടെ പരിധിയില്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മാറാടിയില്‍ താമസിക്കുന്ന ഹര്‍ജിക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും മൂവാറ്റുപുഴയ്ക്ക് പോകാനുള്ളതിനാലാണ് ഇളവാവശ്യപ്പെട്ടത്.
പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാനായാണ് ഹെല്‍മെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി പറഞ്ഞു. പോലീസിനു വേണ്ടിയല്ല, കുടുംബത്തിനുവേണ്ടി ഹെല്‍മെറ്റ് ധരിക്കൂവെന്ന ഹൈദരാബാദ് സിറ്റി പോലീസിന്റെ ട്വിറ്റര്‍ സന്ദേശവും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.