സുധാകരന്റെ അറസ്റ്റ്; സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ നഗരത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അടക്കമുള്ളവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍നിന്നാണ് പ്രകടനം തുടങ്ങിയത്.
അല്പസമയത്തിനകം ദേശീയ പാത ഉപരോധിച്ച് കൊണ്ട് പ്രതിഷേധം നടത്തും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉള്‍പ്പെടെയുള്ളവരാണ് കാസര്‍ഗോഡ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി മുതലാണ് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു.