നീർച്ചാലുകൾ പോലെയായി ബാരാപോളും ബാവലിയും

ഇരിട്ടി : ബാവലിപ്പുഴയും ബാരാപോളും കുത്തിയൊഴുകേണ്ട സമയമാണിപ്പോൾ. വളപട്ടണം പുഴയെ ജലസമൃദ്ധമാക്കുന്ന ബാവലി, ബാരാപോൾ പുഴകൾ കണ്ണീർച്ചാലുകൾ പോലെയാണ് ഒഴുകുന്നത്. കാലവർഷം തുടങ്ങിയശേഷം കനത്ത ഒന്നോരണ്ടോ മഴകൾ മാത്രമാണ് മലയോരത്തെ പല മേഖലകളിലും ലഭിച്ചത്.
വനപ്രദേശങ്ങളിൽപോലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 10 ശതമാനം പോലും ലഭിക്കാത്ത അവസ്ഥ. മലയോരത്തും വനമേഖലയിലും ശക്തമായ മഴയുണ്ടായാലേ ബാരാപോൾ, ബാവലി പുഴകൾ നിറയൂ. ആറളം വനത്തിൽനിന്ന് ഉദ്‌ഭവിക്കുന്ന കക്കുവ, ഓടൻതോട് പുഴകളിൽ ഇതേകാലത്തുണ്ടാകേണ്ട വെള്ളത്തിന്റെ 10ശതമാനംപോലും ഇപ്പോഴില്ല. കർണാടകയുടെ ബ്രഹ്മഗിരി മലനിരകളിൽനിന്ന് ഉദ്‌ഭവിക്കുന്ന ബാരാപോൾ പുഴയിലും ഇതുതന്നെ സ്ഥിതി. ഇരുപുഴകളും ഇരിട്ടിയിൽ സംഗമിച്ച് ഇരിട്ടി പുഴയായി നിറഞ്ഞുകവിഞ്ഞ് വളപട്ടണം പുഴയിലേക്ക് ഒഴുകിമറയുന്ന കാഴ്ചയ്ക്ക് ഇനിയും കാത്തിരിക്കണം.
ഒരു കനത്ത മഴയിൽതന്നെ നീരുറവ പൊട്ടുന്ന തോടുകളിലും കുളങ്ങളിലും തെളിനീരില്ല. വീട്ടുകിണറുകളിലെ ജലവിതാനവും കുറഞ്ഞ നിലയിലാണ്. കാലവർഷത്തിന് മുന്നോടിയായി പഴശ്ശി പദ്ധതിയുടെ ഷട്ടർ തുറന്നതോടെ പുഴയോരത്തെ കിണറുകളിൽ വൻ ജലചോർച്ചയാണ് ഉണ്ടായിരിക്കുന്നത്.
കുടിവെള്ളക്ഷാമത്തിന് ശമനമായില്ല
ശക്തമായ മഴ ലഭിക്കാത്തതിനാൽ മലയോരത്തെ കുടിവെള്ള ക്ഷാമത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. കടുത്ത വേനൽച്ചൂടിൽ വറ്റിവരണ്ട കിണറുകളിൽ ഇനിയും നീരുറവ പൊട്ടാഞ്ഞതിനാൽ പല പ്രദേശങ്ങളിലും ജനങ്ങൾ കുടിവെള്ളത്തിനായി പരക്കംപായുകയാണ്.
കുടിവെള്ളക്ഷാമം പരിഹരിക്കാനായി തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പല പ്രദേശങ്ങളിലും വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്തിയിരുന്നു. കാലവർഷം ആരംഭിച്ചതോടെ ജലവിതരണം പലസ്ഥലങ്ങളിലും നിലച്ചു. മഴയുടെ തോത് കുറഞ്ഞതോടെ ഇരിട്ടി, എടക്കാനം, കീഴൂർ, പാലാപ്പറമ്പ്, വള്ളിയാട്, നേരമ്പോക്ക്, പയഞ്ചേരി, അത്തി, അത്തിത്തട്ട്, ഉളിക്കൽ, കോളിത്തട്ട്, വള്ളിത്തോട്, കുയിലൂർ, മുഴക്കുന്ന്, തില്ലങ്കേരി, വിളക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം തുടരുകയാണ്.
മേഖലയിലെ പല വിദ്യാലയങ്ങളിലും കിണറുകളിൽ വെള്ളമില്ലാഞ്ഞതിനാൽ കടുത്ത ദുരിതമാണ് നേരിടുന്നത്. ഉച്ചക്കഞ്ഞിയുള്ള വിദ്യാലയങ്ങളിൽ വെള്ളം പണം കൊടുത്ത് പ്രത്യേക ടാങ്കറുകളിൽ സ്കൂളുകളിലെത്തിച്ചാണ് ഭക്ഷണംപാചകം ചെയ്യുന്നത്. കാർഷിക മേഖലയെയും മഴക്കുറവ് ചതിച്ചു.