തൃച്ചംബരത്ത് ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തി; ഒരു ഒച്ച് 1500 മുട്ടകൾ വരെ ഇടും

തളിപ്പറമ്പ്∙ തൃച്ചംബരം പുന്തുരുത്തി തോടിന്റെ കരയിൽ നന്ദികുളങ്ങര പാലത്തിനു സമീപം വലിയ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തി. ഇതിനെ സമീപത്തെ വീട്ടുകാർ ഉപ്പിട്ട പാത്രത്തിൽ ഇട്ട് നശിപ്പിച്ചു.
സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും വേറെ ഒച്ചുകളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അതിവേഗം മുട്ടയിട്ട് പെരുകി വ്യാപിക്കുന്നവ ആയതിനാൽ അധികൃതർ വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
മുൻപ് ഇവിടെ ആഫ്രിക്കൻ ഒച്ചുകളെ കണ്ടിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.ഒരു ഒച്ച് 1500 മുട്ടകൾ വരെ ഇടുമെന്നാണ് വിദഗ്ധർ പറയുന്നത്. വിളകൾക്ക് ഏറെ നാശം വിതയ്ക്കുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ.