നാട്ടിലേക്കിറങ്ങി തെരുവുനായ്ക്കൾ; വില്ലൻ മാലിന്യം തള്ളലോ?

Share our post

മുഴപ്പിലങ്ങാട് : അറവുമാലിന്യം സുലഭമായി ലഭിക്കുന്നതാണു മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ്ക്കൾ വർധിക്കാനും അക്രമണകാരികളാകാനും കാരണമെന്ന് നാട്ടുകാർ. പഞ്ചായത്തിലെ അറവുശാലകളിൽ നിന്നുള്ള മാലിന്യം എവിടെയാണു സംസ്കരിക്കുന്നതെന്ന് അധികൃതർക്കു നിശ്ചയമില്ല.

അറവുമാലിന്യം തിന്നു ശീലിച്ച തെരുവുനായ്ക്കൾ കൂടുതൽ അക്രമകാരികളാകുന്നോ എന്നാണു നാട്ടുകാരുടെ സംശയം. മുഴപ്പിലങ്ങാടിന്റെ ഉൾപ്രദേശത്തെ റോഡുകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കോഴിമാലിന്യം തള്ളാറുണ്ട്. ബീച്ച് സന്ദർശിക്കുന്നവർ വാഹനങ്ങളിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിലേക്ക് തള്ളുന്നതും പതിവാണ്. ബീച്ച് പരിസരത്തും മാലിന്യം തള്ളൽ ഏറെയാണ്.

അറവ് മാലിന്യമടക്കം പൊതുസ്ഥലത്തു തള്ളുന്നതിനെതിരെ കർശന നടപടികയെടുത്തും മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കിയും നായ്ക്കൾ തമ്പടിക്കുന്നകാടുകൾ വെട്ടിത്തെളിച്ചും ആളൊഴിഞ്ഞ കെട്ടിടങ്ങൾ അടച്ചുപൂട്ടിയും തെരുവുനായ ശല്യം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികൾക്ക് പഞ്ചായത്ത് തുടക്കമിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങളും തുടങ്ങും.

കടലുകയറി; നാട്ടിലേക്കിറങ്ങി തെരുവുനായ്ക്കൾ

കുറ്റിക്കാടുകളും ആൾപ്പെരുമാറ്റമില്ലാത്ത കെട്ടിടങ്ങളും ഡ്രൈവ് ഇൻ ബീച്ചിനു പരിസരത്ത് ഏറെയാണ്. ഡ്രൈവ് ഇൻ ബീച്ചിന്റെ എടക്കാട് ഭാഗത്തെ ചിൽഡ്രൻസ് പാർക്ക് ഉപയോഗ ശൂന്യമായിട്ട് കാലങ്ങളായി. ഇവിടെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. മഴ തുടങ്ങുന്നതോടെ ഡ്രൈവ് ഇൻ ബീച്ചിലേക്ക് കടൽ കയറുന്നത് പതിവാണ്. ബീച്ച് കടലെടുത്താൽ ഇവിടത്തെ തെരുവുനായ്ക്കൾ ജനവാസ മേഖലകളിലേക്കെത്തുന്നതും പതിവാണ്.

ദിവ്യയ്ക്കുനേരെ വധഭീഷണി: യുവതിക്കെതിരെ കേസെടുത്തു

കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കുനേരെ മൃഗസ്നേഹികളുടെ വാട്സാപ് ഗ്രൂപ്പിൽ വധഭീഷണി മുഴക്കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ദിവ്യയുടെ പരാതിയിൽ പാപ്പിനിശേരി സ്വദേശി ധന്യയ്ക്കെതിരെയാണു ടൗൺ പൊലീസ് കേസെടുത്തത്.

ഇന്നലെ സ്റ്റേഷനിൽ ഹാജരാകാൻ ഇവരോടു പൊലീസ് നിർദേശിച്ചെങ്കിലും ഹാജരായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ഇൻസ്പെക്ടർ വി.എ.ബിനു മോഹൻ പറഞ്ഞു. അതിനിടെ, കേസ് പിൻവലിക്കണമെന്നഭ്യർഥിച്ച് മൃഗസ്നേഹികൾ ഇന്നലെ പി.പി.ദിവ്യയെ ഫോണിൽ ബന്ധപ്പെട്ടു. മൃഗസ്നേഹികളുടെ വാട്സാപ് ഗ്രൂപ്പായ ഫീഡേഴ്സ് ഗ്രൂപ്പ് കേരളയിലാണു യുവതിയുടെ ഭീഷണി സന്ദേശം പ്രചരിച്ചത്.

ജാൻവിയ ആസ്പത്രിയിൽ തന്നെ

മുഴപ്പിലങ്ങാട്∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ ജാൻവിയ ഇനിയും 20 ദിവസത്തോളം ആസ്പത്രിയിൽ തുടരേണ്ടിവരും. പ്ലാസ്റ്റിക് സർജറി അടക്കം വേണ്ടത് കൊണ്ടാണ് ചികിത്സ നീളുന്നത്. ജാൻവിയയ്ക്കു ചികിത്സാ സഹായം അനുവദിക്കണമെന്നു മുഴപ്പിലങ്ങാട് ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു.

നായ്ക്കളെ തിരിച്ച് കൊണ്ടുവരരുതെന്ന് നാട്ടുകാർ

മുഴപ്പിലങ്ങാട്∙ മൃഗസംരക്ഷണവകുപ്പും എബിസി പ്രവർത്തകരും ചേർന്ന്പിടിച്ച് പടിയൂരിലെ എബിസി കേന്ദ്രത്തിൽ എത്തിച്ച തെരുവുനായ്ക്കളെ തിരിച്ച് മുഴപ്പിലങ്ങാട്ടെത്തിക്കരുതെന്ന് നാട്ടുകാർ. തെരുവുനായ വിഷയത്തിൽ ഇന്നലെ മുഴപ്പിലങ്ങാട് ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ പിടിച്ചിടത്തുതന്നെ വിട്ടയയ്ക്കണമെന്നാണു ചട്ടം.യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ യോഗം ഉദ്ഘാടനം ചെയ്തു.

തെരുവുനായ ശല്യം പരിഹരിക്കാൻ അറവ് മാലിന്യം അടക്കമുള്ളവ പൊതു സ്ഥലങ്ങളിൽ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ ജനത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നു ദിവ്യ പറഞ്ഞു. തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളിൽ തെരുവുനായ്ക്കളെ ഏറ്റെടുക്കുന്നുണ്ട്. ഈ സാധ്യത പരിശോധിക്കുന്നുണ്ടെന്നും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വി.ബിജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ.ദിനേശൻ, വി.പ്രഭാകരൻ, സി.ദാസൻ, കെ.രത്നബാബു,കെ.വി.പത്മനാഭൻ,സി.എം.അജിത്കുമാർ, സി.എം.ഇബ്രാഹിം, ഡി.കെ.മനോജ്, സി.കെ.രമേശൻ, ഫൈസൽ, പി.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.ഇന്നലെ പ്രദേശത്തു തെരുവുനായ പിടിത്തം നടന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!