പ്ലസ്‌വൺ പ്രവേശനം: ആദ്യ അലോട്‌മെന്റിൽ ചേർന്നത് 2.15 ലക്ഷം കുട്ടികൾ

Share our post

ഹരിപ്പാട്: ആദ്യ അലോട്‌മെന്റ് പ്രകാരമുള്ള പ്ലസ്‌വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 കുട്ടികൾ സംസ്ഥാനത്തെ സ്കൂളുകളിൽ ചേർന്നു. ഇവരിൽ 1,21,049 പേർ ഫീസടച്ച് സ്ഥിരംപ്രവേശനം നേടി. 94,721 പേർ അടുത്ത അലോട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടിയവരാണ്. 23,740 അപേക്ഷകർ അലോട്‌മെന്റ് ലഭിച്ചിട്ടും ചേർന്നില്ല. തുടർ അലോട്‌മെന്റുകളിൽ ഇവരെ പരിഗണിക്കില്ല.

ആദ്യ അലോട്‌മെന്റിൽ സംവരണവിഭാഗങ്ങളിലെ 62,305 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്‌മെന്റ് ലഭിച്ചിട്ടും ചേരാത്തവരുടെ സീറ്റും ചേർക്കുമ്പോൾ ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാത്ത 86,045 പേർക്കുകൂടി രണ്ടാം അലോട്‌മെന്റിൽ ഇടംലഭിക്കും.

താത്കാലിക പ്രവേശനം നേടിയവരെയുംകൂടി പരിഗണിച്ചാണ് അടുത്ത അലോട്‌മെന്റ് നടത്തുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചേക്കും. കായികമികവ് അടിസ്ഥാനമാക്കി അലോട്‌മെന്റ് ലഭിച്ചവരിൽ 2,351 പേർ സ്ഥിരംപ്രവേശനം നേടിയപ്പോൾ 1,420 കുട്ടികൾ താത്കാലികമായാണു ചേർന്നത്. അലോട്‌മെന്റ് ലഭിച്ചിട്ടും 1,051 പേർ ചേർന്നില്ല.

4,60,147 അപേക്ഷകളാണ് പ്ലസ്‌വൺ പ്രവേശനത്തിനായി ലഭിച്ചത്. മെറിറ്റ് സീറ്റ് 3,03,409 ആണ്. കമ്യൂണിറ്റി മെറിറ്റ്, മാനേജ്‌മെന്റ് ക്വാട്ട, അൺ എയ്ഡഡ് വിഭാഗങ്ങളിലെ സീറ്റ് എന്നിവ കൂടി പരിഗണിക്കുമ്പോൾ പ്ലസ്‌വൺ പഠനമാഗ്രഹിക്കുന്നവർക്കെല്ലാം സീറ്റു ലഭിക്കുന്നസാഹചര്യമുണ്ട്. എന്നാൽ, പലർക്കും ഇഷ്ടപ്പെട്ട സ്കൂളും വിഷയവും കിട്ടില്ലെന്നതാണു ബുദ്ധിമുട്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!