കാക്കിയുടെ കാരുണ്യം : ഇരിട്ടിയിലുണ്ട് അന്നമൂട്ടും അക്ഷയപാത്രം

ഇരിട്ടി : വിശന്നിരിക്കുന്നവരെയും അലഞ്ഞുതിരിയുന്നവരെയും അന്നമൂട്ടാൻ ഭക്ഷണ സംഭരണ, വിതരണ കേന്ദ്രമൊരുക്കി പൊലീസും ജെ.സി.ഐ.യും. ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ തലശേരി–വളവുപാറ അന്തർസംസ്ഥാന പാതയോരത്താണ് കാക്കിയുടെ കാരുണ്യം ഭക്ഷണവിതരണം ഏറ്റെടുക്കുന്നത്. ആവശ്യക്കാർക്ക് ഏത് നേരവും സൗജന്യ ഭക്ഷണം നൽകാനുള്ള സംരംഭമാണ് ഒരുക്കുന്നത്. ഉദാരമതികളുടെ സഹായം കൂടി ലഭ്യമാക്കിയാകും പ്രവർത്തനം.
പൊലീസ് സ്റ്റേഷന് മുന്നിൽ ആഭ്യന്തരവകുപ്പ് ഉടമസ്ഥതയിലുള്ള ഒന്നര സെന്റ് സ്ഥലത്ത് രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് ഭക്ഷണകേന്ദ്രത്തിന്റെ നിർമ്മിച്ചത്. പണമില്ലാത്തതിനാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് കേന്ദ്രത്തിലെത്തി ഭക്ഷണപ്പൊതിയെടുക്കാവുന്ന നിലയിൽ സംരംഭം പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ പറഞ്ഞു. ഉദാരമതികളെയും കാരുണ്യപ്രവർത്തനം ഏറ്റെടുക്കുന്ന സംഘടനകളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് ഭക്ഷണ സംഭരണവും വിതരണവും നടത്താൻ ക്രമീകരണം ഒരുക്കുമെന്ന് ഇരിട്ടി ജെസിഐ പ്രസിഡന്റ് എൻ കെ സജിൻ പറഞ്ഞു. വിശപ്പുരഹിത ഇരിട്ടിയെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്ന കേന്ദ്രം അടുത്താഴ്‌ച ഉദ്‌ഘാടനം ചെയ്യും.