എം-ടെക് നിര്‍ബന്ധമില്ല: സാങ്കേതിക സര്‍വകലാശാലയില്‍ ബി-ടെക്കിന് ശേഷം പി.എച്ച്.ഡി

Share our post

തിരുവനന്തപുരം: നാല് വര്‍ഷ ബിരുദത്തിന് ശേഷം പി.എച്ച്.ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയായി എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല. 2023-24 അധ്യയന വര്‍ഷം മുതലാണ് സാങ്കേതിക സര്‍വകലാശാലയില്‍ ഈ അവസരം ലഭ്യമാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്.

എന്‍ജിനിയറിങ് അല്ലെങ്കില്‍ ആര്‍ക്കിടെക്ചറില്‍ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി കുറഞ്ഞത് 7.75 ഉള്ള ബി.ടെക് ബിരുദധാരികള്‍ക്കാണ് പാര്‍ട്ട് ടൈം, ഫുള്‍ ടൈം ഗവേഷണ പഠനത്തിന് അര്‍ഹത. എം.ടെക്കിന് ശേഷം പിഎച്ച്ഡി ചെയ്യാന്‍ വേണ്ട സി.ജി.പി.എ 5.75 ആണ്.

അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും പിഎച്ച്ഡിക്ക് അപേക്ഷിക്കാം. ഇതുവരെ ലഭിച്ച സെമസ്റ്റര്‍ ഗ്രേഡുകളോടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നൂറ് മുഴുവന്‍സമയ പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല ഫെല്ലോഷിപ്പ് ലഭിക്കും. സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജുകളില്‍ ഗവേഷണം നടത്തുന്ന തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് നല്‍കുന്ന ഫെല്ലോഷിപ്പ് കൂടാതെയാണിത്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തിന് അര്‍ഹതയുണ്ടാവുകയുള്ളു. 1100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസ് 550 രൂപ. വിശദ വിവരങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് www.ktu.edu.in സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!