സ്വന്തമായി കെ.എസ്.ആർ.ടി.സി ബസും പോലീസ് ജീപ്പും; പുലിയാണ് അർജുൻ

പരിയാരം: അർജുന്റെ വാഹനശേഖരം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ടൂറിസ്റ്റ് ബസ്, ജീപ്പ്, ലോറി, ബുള്ളറ്റ്, ബൈക്ക് എല്ലാമുണ്ട്. പൊലീസിന്റെ ബൊലേറോ ജീപ്പും കെ.എസ്.ആർ.ടി.സി ബസും സ്വന്തമായുള്ള മിടുക്കനാണ് ചന്തപ്പുരയിലെ ടി.വി.അർജുൻ. ഒഴിവു സമയത്താണ് വാഹനങ്ങളുടെ ചെറുരൂപങ്ങൾ ഉണ്ടാക്കാൻ അർജുൻ സമയം കണ്ടെത്തുന്നത്.
കോവിഡ് കാലത്തെ ലോക്ഡൗൺ സമയത്താണ് വാഹനങ്ങളിൽ ഏറെയും നിർമിച്ചത്.വാഹനപ്രേമിയായ അർജുൻ പഠിക്കുന്നത് ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സാണ്. വിളയാങ്കോട് എം.ജി.എം കോളജ് വിദ്യാർഥിയാണ്. ഫോം ഷീറ്റ് ഉപയോഗിച്ചാണ് ഒറിജിനെ വെല്ലുന്ന തരത്തിൽ ഈ ശിൽപങ്ങൾ നിർമിച്ചത്. മൂന്നാഴ്ചയോളമാണ് ഓരോന്നും പൂർത്തിയാക്കാൻ എടുക്കുക.
മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുത്ത് അവ നോക്കിയാണ് ശിൽപങ്ങൾ ഉണ്ടാക്കാറുള്ളത്. കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം അർജുന്റെ വാഹനശേഖരം കണ്ട് പ്രോത്സാഹനവുമായി എത്താറുണ്ട്. അച്ഛൻ വിനോദ് കുമാറും അമ്മ ടി.വി.സരിതയും അനുജത്തി പൂജയും എല്ലാവിധ പിന്തുണയും സഹായവുമായി ഒപ്പമുണ്ട്.