നക്‌സലൈറ്റ്, ജയില്‍വാസം, മനുഷ്യാവകാശ പോരാട്ടം; ജീവിക്കണം, മാറ്റമില്ലാതെ ഗ്രോ വാസുവിന്റെ കുട വില്‍പ്പന

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായും ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി നേതാവായും നക്‌സലൈറ്റായുമെല്ലാം പ്രവര്‍ത്തിച്ച അയിനൂര്‍ വാസു, ഗ്രോ വാസു എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും സുപരിചിതന്‍. ഇപ്പോള്‍ പ്രായം 94 കടന്നു.
സംഘടനയുടെ പേര് പറഞ്ഞ് പിരിവെടുക്കാതെയും ആരേയും ആശ്രയിക്കാതെയും ജീവിക്കണം എന്ന് നാല്‍പ്പത്തിയെട്ടാമത്തെ വയസ്സില്‍ എടുത്ത തീരുമാനത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല, 46 വര്‍ഷമായി കുട വില്‍പ്പന ഉപജീവനമാര്‍ഗമായിട്ട്. പൊറ്റമ്മലിലെ ചെറിയ കടയില്‍ മാരിവില്‍ കുടകളുമായി ഈ മഴക്കാലത്തുമുണ്ട് ഗ്രോ വാസു.
നക്‌സലൈറ്റ് ആയിരുന്ന ഗ്രോ വാസുവിനെ 1970ലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 7 വര്‍ഷത്തെ ജയില്‍വാസം. 1977ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉപജീവനമായിരുന്നു മുമ്പിലെ പ്രധാന പ്രശ്‌നം. നക്‌സലൈറ്റായിരുന്ന ഒരാള്‍ക്ക് പണി കൊടുക്കാന്‍ ആരു തയ്യാറായില്ല.
20 വയസ്സില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന കാലത്ത് കുട നിര്‍മാണത്തില്‍ കിട്ടിയ പരിശീലനം ഉപജീവനമാര്‍ഗമാക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. കുടനിര്‍മാണ വസ്തുക്കള്‍ സംഘടിപ്പിച്ച് പലരേയും ഏല്‍പ്പിച്ചാണ് കുട ഉണ്ടാക്കുന്നത്. ആ കുട തന്റെ കടയില്‍ കൊണ്ടുവന്ന് വില്‍ക്കും. സ്വന്തം വരുമാനത്തിനൊപ്പം മറ്റൊരാള്‍ക്ക് കൂടി വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്ന സന്തോഷമുണ്ട് .
നക്‌സലൈറ്റ് ആശയങ്ങള്‍ വിട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായി, പ്രായം 94 കടക്കുന്നു, ഇടയ്ക്ക് ആസ്തമയുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്, എന്നാലും മരണം വരെ ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കണം എന്ന് തന്നെയാണ് തീരുമാനം.
രാവിലെ എട്ട് മണിയോടെ പൊറ്റമ്മലിലെ കട തുറക്കും, വൈകീട്ട് വരെ കടയിലാണ്. ഇത്തവണ മഴ വൈകിയതിനാല്‍ കുടക്കച്ചവടം സജീവമാകുന്നേയുള്ളൂ, മഴ ശക്തമാകുമ്പോള്‍ വാസുവേട്ടന്റെ മാരിവില്‍ കുടകള്‍ തേടി ആളുകളെത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
വര്‍ഷങ്ങളായി മാരിവില്‍ കുടകള്‍ മാത്രം ഉപയോഗിക്കുന്നവരുണ്ട്, എനിക്ക് ഒരു സഹായമാവാന്‍ വേണ്ടി കൂടിയാണ് അവരെന്റെ കുടകള്‍ തേടി എത്തുന്നതെന്ന് പറയുന്നു വാസു. മഴകനക്കും മുമ്പേ തന്നെ പല വര്‍ണങ്ങളിലുള്ള കുട്ടിക്കുടകളും, കാലന്‍ കുടകളുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് വാസു.