പൊന്നാണ് ഈ ‘അത്താമ്മ’; കാഴ്ച നഷ്ടപ്പെട്ട പേരക്കുട്ടിയ്‌ക്കൊപ്പം ക്ലാസിലിരിക്കുന്ന സുലൈഖ

കണ്ണമ്പ്ര(പാലക്കാട്): ഒരുവിദ്യാര്‍ഥിയുടെ ദിനചര്യയാണ് കല്ലിങ്കല്‍പ്പാടം കൊട്ടേക്കാട്ടുപറമ്പില്‍ വീട്ടിലെ, അറുപതുകഴിഞ്ഞ സുലൈഖയ്ക്ക്. പേരക്കുട്ടിയായ അല്‍ത്താഫിനൊപ്പം കല്ലിങ്കല്‍പ്പാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് ‘എ’ ക്ലാസിലെ ഒന്നാം ബെഞ്ചില്‍ സുലൈഖയുണ്ടാകും.
പനിബാധിച്ച് കാഴ്ചനഷ്ടപ്പെട്ട അല്‍ത്താഫിന് കരുതലും താങ്ങുമാകാന്‍ ഒപ്പം വന്നുതുടങ്ങിയതാണ് അത്താമ്മയെന്ന് അല്‍ത്താഫ് വിളിക്കുന്ന പ്രിയപ്പെട്ട മുത്തശ്ശി സുലൈഖ. കഴിഞ്ഞ ഒരുവര്‍ഷമായി ഇത് തുടരുന്നു.
ക്ലാസിനിടെ ചിലപ്പോള്‍ അല്‍ത്താഫ് അസ്വസ്ഥനാകും. ഉടനെ സുലൈഖ അവന്റെ കൈപിടിക്കും. അതവന് ആശ്വാസം പകരും. ചികിത്സ തുടരുന്ന അല്‍ത്താഫിന് കൃത്യസമയത്ത് മരുന്നുകള്‍ എടുത്തുനല്‍കുന്നത് അത്താമ്മയാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ട് ഒരുമിച്ച് സ്‌കൂള്‍ ബസിലാണ് മടക്കം.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ മസ്തിഷ്‌കജ്വരമാണ് കൊട്ടേക്കാട്ടുപറമ്പില്‍ അഷറഫിന്റെയും സുമയ്യയുടെയും മകനായ അല്‍ത്താഫിന്റെ കാഴ്ച കെടുത്തിയത്. അസുഖത്തെത്തുടര്‍ന്ന് അല്‍ത്താഫ് പൂര്‍ണമായി തളര്‍ന്നുകിടപ്പിലായി. രണ്ടുവര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ നടന്നുതുടങ്ങിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഓര്‍മയും മങ്ങിയിരുന്നെങ്കിലും സ്‌കൂളും കുട്ടികളും അധ്യാപകരുമൊക്കെ പതുക്കെ മനസ്സില്‍ തെളിഞ്ഞപ്പോള്‍ അല്‍ത്താഫ് സ്‌കൂളില്‍ പോകണമെന്ന ആഗ്രഹമറിയിച്ചു. ഇടയ്ക്ക് പനിയും അപസ്മാരവും ഉണ്ടാകുന്നതിനാല്‍ ഒറ്റയ്ക്കുവിടാന്‍ കഴിയില്ലായിരുന്നു. സ്‌കൂളില്‍ പോകണമെന്ന അല്‍ത്താഫിന്റെ ആഗ്രഹം സഫലമാക്കുകയെന്ന ചുമതല അഷറഫിന്റെ ഉമ്മ സുലൈഖ ഏറ്റെടുക്കുകയായിരുന്നു.
മകന്റെ ചികിത്സയ്ക്കായി മസ്‌കറ്റിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അഷറഫ് ടാപ്പിങ് നടത്തിയാണ് കുടുംബചെലവുകളും ചികിത്സാച്ചെലവുകളും മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രതിമാസം 13,000 രൂപ മരുന്നിനുതന്നെ ചെലവാകുന്നുണ്ട്. അല്‍ത്താഫ് ആസ്പത്രിയിലായിരുന്ന സമയത്ത് സ്‌കൂളില്‍നിന്ന് സഹായം നല്‍കിയിരുന്നു.
സുലൈഖയെയും അല്‍ത്താഫിനെയും സ്‌കൂള്‍ ബസില്‍ സൗജന്യമായാണ് എത്തിക്കുന്നത്. അല്‍ത്താഫിന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് സ്വാലിഹ് ഇതേ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അല്‍ത്താഫിനെ കളിപ്പിക്കാനും കൂടെ നടത്താനും ക്ലാസിലെ കുട്ടികളും ഒപ്പമുണ്ട്. അല്‍ത്താഫിനെ പഴയ ചുണക്കുട്ടിയാക്കി മാറ്റുകയാണ് അധ്യാപകരുടെയും ലക്ഷ്യം.
‘ഒന്നും സംസാരിക്കാതിരുന്ന അല്‍ത്താഫ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി. പാഠങ്ങള്‍ കേട്ട് പറഞ്ഞു തുടങ്ങി’-ക്ലാസ് ടീച്ചര്‍ എസ്. ടിഞ്ചുവിന്റെ വാക്കുകളില്‍ പ്രതീക്ഷ. തുടര്‍ച്ചയായ ചികിത്സയിലൂടെ കാഴ്ചയും തിരികെ ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.