തോട്ടിയുടെ 20,000 വേണ്ട, കാക്കിയുടെ 500 മതി; കെ.എസ്.ഇ.ബി ജീപ്പിന്റെ പിഴ ഒഴിവാക്കി എം.വി.ഡി

Share our post

മരച്ചില്ലകള്‍ മുറിക്കുന്ന തോട്ടി ജീപ്പിനുമുകളില്‍ വെച്ചതിന് കെ.എസ്.ഇ.ബി. കരാര്‍വാഹനത്തിന് എ.ഐ. ക്യാമറ ഈടാക്കിയ പിഴ ഒടുവില്‍ ഒഴിവാക്കി. അമ്പലവയല്‍ സെക്ഷന്‍ ഓഫീസിനായി ഓടുന്ന ജീപ്പിനാണ് കഴിഞ്ഞ ദിവസം 20,500 രൂപ എ.ഐ. ക്യാമറ പിഴയിട്ടത്. മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റുമായി കെ.എസ്.ഇ.ബി. അധികൃതര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് പിഴയില്‍നിന്ന് ഒഴിവായത്.

യൂണിഫോം ധരിക്കാത്തതിന് 500 രൂപ പിഴയടച്ചാല്‍ മതിയാകും. വലിയതുക പിഴയടയ്ക്കണമെന്നുകാണിച്ച് നോട്ടീസ് വന്നതിനെത്തുടര്‍ന്ന് ബുധനാഴ്ച തോട്ടിയില്ലാതെയാണ് ജീവനക്കാര്‍ ജീപ്പുമായി പോയത്.
ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17-നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡി.യുടെ കത്തുവന്നതോടെ വാഹനയുടമ ഞെട്ടി.

കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയിട്ടത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി. കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരെയും മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും കെ.എസ്.ഇ.ബി. ഇലക്ട്രിക് സെക്ഷന്‍ അസി. എന്‍ജിനിയര്‍ ഇ.എസ്. സുരേഷ് വിവരമറിയിച്ചു. ഇതോടെയാണ് പിഴയൊഴിവാക്കാനുള്ള നടപടിയായത്.

പിഴ ഒഴിവാക്കിയെങ്കിലും തോട്ടിയുമായി പുറംപണികള്‍ക്ക് പോകാന്‍പറ്റാത്ത അവസ്ഥയാണിപ്പോള്‍. വീണ്ടും പിഴ വരുമെന്ന കാരണത്താല്‍ തിങ്കളാഴ്ചമുതല്‍ തോട്ടിയില്ലാതെയാണ് ലൈനിലെ ജോലികള്‍ക്കായി ജീവനക്കാര്‍ പോകുന്നത്. വടുവന്‍ചാല്‍ നീലിമല എല്‍.പി. സ്‌കൂളിനരികില്‍ ഭീഷണിയായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചറിയിച്ചെങ്കിലും പോകാന്‍ പറ്റിയില്ല.

അമ്പലവയല്‍ മുതല്‍ നീലിമല സ്‌കൂള്‍വരെയുള്ള ഭാഗത്ത് രണ്ടിടത്താണ് എ.ഐ. ക്യാമറകളുള്ളത്. സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി. കരാര്‍ വാഹനത്തിനുമുകളില്‍ സുരക്ഷിതമായി തോട്ടി കൊണ്ടുപോകുന്നത് പതിവാണെങ്കിലും ക്യാമറയ്ക്കുമുന്നില്‍പ്പെട്ടാല്‍ ഇനിയും നോട്ടീസ് വന്നേക്കുമെന്ന ഭയമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!