പഠനവൈകല്യമുള്ളവർക്ക് പ്ലസ്‌വൺ പ്രവേശനത്തിന് അവസാന നിമിഷം പരിഗണന

മയ്യിൽ: പ്ലസ്‌വൺ പ്രവേശനത്തിന് അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാകാഞ്ഞ 40 ശതമാനത്തിന് മുകളിൽ പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് പരിഗണന നൽകാൻ അവസാന മണിക്കൂറിൽ ഉത്തരവ്. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനത്തിനെത്തിയ വിദ്യാർഥിനിയുടെ പ്രവേശനനടപടി പൂർത്തിയാക്കാനാകാഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ നൽകിയ പരാതിയിലാണ് നടപടി. ഇതേത്തുടർന്ന് 40 ശതമാനത്തിലധികം പഠനവൈകല്യമുള്ള വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് തിരികെവിളിച്ച് പ്രവേശനം നൽകി. അപേക്ഷാഫോമിൽ കൃത്യമായി ഭിന്നശേഷിവിഭാഗം രേഖപ്പെടുത്താനുള്ള കോളമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
2016-ലെ ഭിന്നശേഷി അവകാശസംരക്ഷണ നിയമത്തിൽ 21 തരം വിഭാഗങ്ങളാണുള്ളത്. എന്നാൽ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ ഭിന്നശേഷിവിഭാഗം രേഖപ്പെടുത്താനുള്ള കോളത്തിൽ വെറും നാല് വിഭാഗങ്ങൾ മാത്രമാണുള്ളത്. കാഴ്ച, കേൾവി, ചലനപരിമിതി, ബുദ്ധിപരിമിതി എന്നിവ. ഇത് ഒട്ടേറെ രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ 40 ശതമാനത്തിനുമേൽ പഠനവൈകല്യമുള്ളവരുൾപ്പെടെയുള്ള മറ്റു വിഭാഗക്കാരായ കുട്ടികൾ പ്ലസ്‌വൺ അപേക്ഷയിൽ ബുദ്ധിപരിമിതി എന്ന കോളത്തിലാണ് രേഖപ്പെടുത്തലുകൾ നടത്തിയത്.