കുടുംബ കോടതിയില്‍ ജഡ്ജിയുടെ വാഹനം അടിച്ച് തകര്‍ത്തു; പ്രകോപനമായത് കേസ് നീളുന്നത്

പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പില്‍ ജഡ്ജിയുടെ വാഹനം അടിച്ച് തകർത്തു. വിവാഹമോചന ഹര്‍ജിയില്‍ വിധി പറയാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ജയപ്രകാശ് എന്നയാള്‍ പിടിയിലായിട്ടുണ്ട്.
തിരുവല്ല നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന കുടുംബക്കോടതി പരിസരത്ത് ബുധനാഴ്ച വൈകുന്നേരം 4.30-ഓടെയായിരുന്നു സംഭവം. മംഗലാപുരത്ത് താമസിക്കുന്ന ജയപ്രകാശ് എന്ന അമ്പത്തിയഞ്ചുകാരനാണ് അക്രമം നടത്തിയത്. ഇയാളും ഭാര്യയുമായുള്ള വിവാഹ മോചന ഹര്‍ജി ഏറെ കാലമായി കോടതിയുടെ പരിഗണനയിലായിരുന്നു.
കോടതി കേസ് പരിഗണിക്കുന്ന ഓരോ ദിവസവും മംഗലാപുരത്ത് നിന്നായിരുന്നു ജയപ്രകാശ് എത്തിയിരുന്നത്. വൈകുന്നേരത്തോടെ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു എന്ന അറിയിപ്പുണ്ടായി. ഈ സ്ഥിതി പതിവായതാണ് ജയപ്രകാശിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വാഹനത്തിന്റെ ആറ് ചില്ലുകളും ഇയാള്‍ അടിച്ചു പൊട്ടിച്ചു. സമീപത്തെ കടയില്‍ നിന്ന് മണ്‍വെട്ടി വില കൊടുത്തു വാങ്ങിയാണ് അക്രമം നടത്തിയത്. ചില്ലുകള്‍ മുഴുവന്‍ അടിച്ച് പൊട്ടിച്ച ശേഷവും വാഹനത്തിന്റെ പല ഭാഗങ്ങളും മണ്‍വെട്ടി കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടത്തി.
അക്രമത്തിന് ശേഷവും വാഹനത്തിന് സമീപം തന്നെ നിലയുറപ്പിച്ച ഇയാള്‍ പോലീസെത്തിയിട്ടും അവിടെനിന്ന് മാറിയില്ല. കേസ് അനിയന്ത്രിതമായി നീളുന്നതിലുള്ള പ്രതിഷേധം സൂചിപ്പിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത അക്രമിയെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.