അര്‍മീനിയയില്‍ മലയാളി യുവാവിന്റെ കൊലപാതകം; തര്‍ക്കങ്ങളുടെ തുടക്കം വാട്‌സാപ്പ് കൂട്ടായ്മയില്‍ നിന്ന്

കൊരട്ടി: കൊരട്ടി സ്വദേശി സൂരജ് ഞായറാഴ്ച അര്‍മീനിയയില്‍ കുത്തേറ്റുമരിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെയും കസ്റ്റഡിയിലെടുത്തില്ല. പ്രതിയെന്നു കരുതുന്ന, തിരുവനന്തപുരം സ്വദേശി അബിന്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് അര്‍മീനിയന്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സൂരജിനോടൊപ്പം കുത്തേറ്റ തിരുത്തിപ്പറമ്പ് സ്വദേശി ലിജോ പോള്‍ കണ്ണൂക്കാടന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ലിജോയ്ക്ക് ആസ്പത്രിയില്‍ നിന്ന് പോകാനാകും. സൂരജിന്റെ സുഹൃത്തുക്കളില്‍നിന്നാണ് ഈ വിവരം ലഭിച്ചത്.
അതേസമയം പോലീസിന്റെ നിരീക്ഷണത്തിലാണ് സംശയിക്കുന്നവരെല്ലാം. സൂരജിനൊപ്പമുണ്ടായിരുന്ന കിരണിനെയും ഒന്നിച്ചുതാമസിച്ചിരുന്ന ടോജോയെയും കസ്റ്റഡിലെടുത്ത് വിട്ടയച്ചു. ടോജോയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചുവച്ചിട്ടുണ്ട്. ചാറ്റുകളുടെ വിവരങ്ങള്‍ കണ്ടെത്താനാണ് മൊബൈല്‍ പിടിച്ചുവച്ചിരിക്കുന്നത്. സൂരജ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.
പരിശോധന പൂര്‍ത്തിയാക്കി സൂരജിന്റെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അച്ഛന്‍ അയ്യപ്പന്റെ അപേക്ഷയും നോര്‍ക്കയുടെ അഭ്യര്‍ഥനയും അര്‍മീനിയന്‍ എംബസിക്ക് കൈമാറിയെന്ന രേഖ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രകോപനമായത് അന്വേഷണം
ഒന്നര മാസം മുമ്പുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന അബിനെക്കുറിച്ച് സൂരജിന്റെ സുഹൃത്ത് നടത്തിയ അന്വേഷണമാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. നാട്ടില്‍നിന്ന് അര്‍മീനിയയില്‍ എത്തി ജോലിയില്ലാതിരിക്കുന്നവര്‍ക്കായുള്ള വാട്ട്സാപ്പ് കൂട്ടായ്മയില്‍നിന്നാണ് തര്‍ക്കങ്ങളുടെ തുടക്കം.
ഒരു സ്ഥാപനത്തിലെ ഒഴിവ് സംബന്ധിച്ച് സുഹൃത്ത് വാട്‌സാപ്പില്‍ സന്ദേശമിട്ടിരുന്നു. ഇതനുസരിച്ച് ജോലിക്ക് ആളെ നല്‍കാമെന്ന് അബിന്‍ അറിയിച്ചെങ്കിലും പറഞ്ഞ സമയത്ത് ആരെയും സ്ഥാപനത്തിലേക്ക് അയച്ചിരുന്നില്ല. ഇക്കാര്യം ചോദിക്കുന്നതിനിടെ നീ എന്ന് വിളിച്ചത് അബിനെ പ്രകോപിച്ചു. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കങ്ങള്‍ തുടര്‍ന്നിരുന്നെങ്കിലും പിന്നീട് ശമിച്ചു.
ഇതിനിടെ 18-ന് സൂരജൂം ലിജോയും കിരണും അബിനെ നേരിട്ട് കാണാന്‍ നടത്തിയ നീക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. അവിടെയെത്തിയ അബിനും ക്രിമിനല്‍സംഘവുമാണ് മൂവരെയും ആക്രമിച്ചത്. കുത്തേറ്റ സൂരജ് അവിടെ വച്ചുതന്നെ മരിച്ചിരുന്നു.