ആറുമാസമായി ആലപ്പുഴയിൽ ആളുകൾക്ക് ഊമക്കത്ത് ലഭിക്കുന്നു; പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റി, ഒടുവിൽ ട്വിസ്റ്റ്

ആലപ്പുഴ: ചാരുംമൂട്, പടനിലം പ്രദേശങ്ങളിൽ കഴിഞ്ഞ ആറ് മാസമായി കറങ്ങി നടന്ന അശ്ലീല ഊമക്കത്തിന് വിരാമമായി. സംഭവത്തിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ. നൂറനാട് വില്ലേജിൽ നെടുകുളഞ്ഞിമുറിയിൽ ശ്യാം നിവാസിൽ ശ്യാം (36), നൂറനാട് വില്ലേജിൽ നെടുകുളഞ്ഞിമുറിയിൽ തിരുവോണം വീട്ടിൽ ജലജ (44), ചെറിയനാട് വില്ലേജിൽ മാമ്പ്ര മുറിയിൽ കാർത്തിക നിവാസിൽ രാജേന്ദ്രൻ (57) എന്നിവരാണ് നൂറനാട് പൊലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത്: ആറു മാസങ്ങൾക്ക് മുമ്പ് ശ്യാം നൂറനാട് സി.ഐ. പി. ശ്രീജിത്തിനെ കണ്ട് തനിക്കൊരു പ്രശ്നം ഉണ്ടെന്നും അയൽ വീട്ടിൽ താമസിക്കുന്ന മനോജിന്റെ കിണറ്റിൽ ആരോ പട്ടിയെ കൊണ്ടിട്ടുണ്ടെന്നും അത് താനാണെന്ന് അപവാദ പ്രചരണങ്ങൾ നടക്കുന്നതായും പറഞ്ഞു. മുൻ വൈരാഗ്യത്താൽ അശ്ലീലച്ചുവയുള്ള കത്തുകൾ അയയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു.
മനോജിന് അശ്ലീലച്ചുവയുള്ള കത്തുകൾ എഴുതുന്ന സ്വഭാവം ഉണ്ടെന്നും അത് ചിലപ്പോൾ അയാൾക്ക് വൈരാഗ്യം ഉള്ളതിനാൽ തന്റെ പേര് വച്ച് അയയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ സഹായിക്കണമെന്നും ശ്യാം സി ഐ യോട് പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് ഒരു കത്ത് ലഭിച്ചു. കത്തിന്റെ കവറിന് പുറത്ത് ഉണ്ടായിരുന്ന പേര് ശ്യാം നിവാസ് പടനിലം എന്നായിരുന്നു.തുടർന്ന് ശ്യാം പൊലീസിനെ സമീപിക്കുകയും തന്റെ പേരിൽ എഴുതുന്നത് മനോജ് ആണെന്ന് പൊലീസിൽ പരാതിയും നൽകി.
തുടർന്ന് പൊലീസ് മനോജിനെ ചോദ്യം ചെയ്യുകയും കൈയക്ഷരം പരിശോധിക്കുകയും ചെയ്തു. എന്നാൽ യാതൊരു തെളിവും ലഭിച്ചില്ല. തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, മുൻ എം.എൽ.എ കെ. കെ. ഷാജു, പടനിലം എച്ച്,എസ്,എസ് മാനേജർ മനോഹരൻ, ശ്രീനിലയത്തിൽ ശ്രീകുമാർ എന്നിവർക്കും കത്ത് ലഭിച്ചു.ശ്രീകുമാറിന്റെ മൊഴി പ്രകാരം നൂറനാട് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് നിരവധിപേരുടെ കൈയക്ഷരം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ പ്രദേശത്തെ മിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും അശ്ലീല കത്തുകൾ നിരന്തരം വരാൻ തുടങ്ങി. ഇതെല്ലാം ശ്യാമിന്റെ പേര് വച്ചവയായിരുന്നു. ഇതോടെ നാട്ടിലാകെ പരിഭ്രാന്തിയായി.കഴിഞ്ഞ ആഴ്ച ശ്യാമിന്റെ ബന്ധുവായ ലതയ്ക്ക് കിട്ടി. അത് പൊലീസിൽ ഏൽപ്പിച്ചു.
ആ കത്ത് പോസ്റ്റ് ചെയ്തിരുന്നത് വെൺമണി പോസ്റ്റ് ഓഫീസിൽ നിന്നായിരുന്നു. അവിടെ നിന്ന് സ്ഥാപിച്ചിരുന്ന സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് മദ്ധ്യവയസ്കനായ ഒരു വ്യക്തിയെ സംശയകരമായ രീതിയിൽ കണ്ടെത്തി. തുടർന്ന് കേസുമായി ബന്ധപ്പെട്ട് ചെറിയനാടുള്ള റിട്ട. പട്ടാളക്കാരൻ രാജേന്ദ്രനെ കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിക്കുകയും ഇതെല്ലാം പടനിലത്തുള്ള ജലജ പറഞ്ഞിട്ടാണെന്നും പറഞ്ഞു.
ജലജയെ ചോദ്യം ചെയ്തതിൽ നിന്നാണ് കത്തിന് പിന്നിൽ ശ്യാം തന്നെ ആണെന്ന് മനസിലായത്. തുടർന്ന് ശ്യാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ജലജയുടെയും ശ്യാമിന്റെയും വീട്ടിൽ നിന്ന് കത്തുകളുടെ ഫോട്ടോസ്റ്റാറ്റുകളും കവറുകളും കണ്ടെടുത്തു. ശ്യാമിന് അയൽക്കാരും ബന്ധുവുമായ മനോജ്, ശ്രീകുമാർ എന്നിവരോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു.
സ്വത്തുമായി ബന്ധപ്പെട്ട തർക്കമായിരുന്നു അതിന് കാരണം. ഇവരെ സമൂഹത്തിൽ അപമാനിക്കാനാണ് ശ്യാം ഊമക്കത്തുകൾ അയച്ചത്. സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ നിതീഷ്, സുഭാഷ് ബാബു, എ. എസ്. ഐ രാജേന്ദ്രൻ, സി.പി. ഒമാരായ ജയേഷ്, സിനു, വിഷ്ണു, പ്രവീൺ, രജനി, ബിജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.