കണ്ണൂരിൽ ഓട്ടോറിക്ഷയിൽ വില്പനയ്ക്കെത്തിച്ച ഒരു ചാക്ക് പാൻ ഉത്പന്നങ്ങൾ പിടിച്ചു

കണ്ണൂർ : ഓട്ടോറിക്ഷയിൽ നഗരത്തിൽ വില്പനയ്ക്ക് എത്തിച്ച ഒരു ചാക്ക് നിരോധിത പാൻ ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി പിടിയിൽ. ഓട്ടോഡ്രെെവർ കാസർകോട് നെല്ലിക്കുന്ന് പടാർ സ്വദേശി എൻ.എ. ഉമറുൽ ഫറൂഖിനെ (40) ടൗൺ എസ്.ഐ. സി.എച്ച്. നസീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. സ്റ്റേഡിയം കോർണറിൽ നിരോധിത പാൻ ഉത്പന്നങ്ങൾ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പോലീസിനെ കണ്ടയുടനെ ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ചാക്കിൽ സൂക്ഷിച്ച നിരോധിത പാൻ ഉത്പന്നങ്ങൾ പിടിച്ചത്. ടൗൺ എസ്.ഐ. സി.എച്ച്. നസീബിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.