മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം: പ്രതി അറസ്‌റ്റിൽ

കാട്ടാക്കട : മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് രണ്ടാഴ്ചമുമ്പ് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്‌തു. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്‌തു. 100 കോടി രൂപ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും ഒക്കെ പണി വാങ്ങുമെന്നായിരുന്നു ഇ– മെയിൽ സന്ദേശം. മെയിൽ അയക്കാനുപയോഗിച്ച ഫോണും പിടിച്ചെടുത്തു. പൊലീസ് ഹൈടെക് സെല്ലിൽനിന്ന് കാട്ടാക്കട സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിലായിരുന്നു അന്വേഷണം.
മുമ്പ് വിമുക്ത ഭടന്റെ വീട്ടിൽക്കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാട്ടാക്കട ഡി.വൈ.എസ്.പി എൻ. ഷിബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷിബുകുമാർ, എസ്.ഐ. ശ്രീനാഥ്, എ.എസ്.ഐ സന്തോഷ് കുമാർ എന്നിവരാണ് അറസ്‌റ്റ് ചെയ്‌തത്.