മുൻ മന്ത്രി ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

Share our post

കൊച്ചി : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന ഡോ. എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. ചൊവ്വ രാത്രി പതിനൊന്നോടെ കൊച്ചി പേരണ്ടൂർ റോഡ്‌ നിവ്യനഗറിൽ “സകേത’ത്തിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴിയാണ്‌ അന്ത്യം. പക്ഷാഘാതത്തെ തുടർന്ന്‌ ദീർഘനാളായി കിടപ്പിലായിരുന്നു. മൃതദേഹം അമൃത ആശുപത്രിയിൽ. ബുധൻ രാവിലെ 10 മുതൽ 11 വരെ എറണാകുളം ഡി.സി.സി ഓഫീസിലും 11.30 മുതൽ പേരണ്ടൂർ റോഡിലെ നിവ്യനഗറിലെ വീട്ടിലും പൊതുദർശനമുണ്ടാകും. സംസ്‌കാരം വൈകിട്ട്‌ നാലിനുശേഷം പച്ചാളം ശ്‌മശാനത്തിൽ.
ഡോക്ടറായിരിക്കെ ജോലി രാജിവെച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2001 മുതൽ 2004 വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ പട്ടികജാതി–പട്ടികവർഗ, പിന്നാക്ക ക്ഷേമമന്ത്രിയായിരുന്നു. 1980ൽ വണ്ടൂർ മണ്ഡലത്തിൽനിന്ന്‌ ആദ്യമായി എംഎൽഎയായി. 1987ൽ ചേലക്കരയിൽനിന്നും 1996, 2001 വർഷങ്ങളിൽ ഞാറക്കലിൽനിന്നും നിയമസഭാംഗമായി. 1996 മുതൽ 2001 വരെ നിയമസഭയിൽ പാർടി വിപ്പായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗമായും കോൺഗ്രസ്‌ -ഐ എസ്‌.സി–എസ്‌.ടി സെൽ ചെയർമാനായും പ്രവർത്തിച്ചു. ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്‌ട്രീസ്‌ കമീഷൻ, ദക്ഷിണ റെയിൽവേ ഡി റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌, കാലിക്കറ്റ്‌ സർവകലാശാല സെനറ്റ്‌ അംഗവുമായിരുന്നു. രാഷ്‌ട്രീയത്തിലിറങ്ങുംമുമ്പ്‌ 1973 മുതൽ 1975 വരെ ആലപ്പുഴ മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌ സർജറി വിഭാഗത്തിൽ ട്യൂട്ടറായിരുന്നു. 1975 മുതൽ 80 വരെ ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ്‌ സർജനും 1983 മുതൽ 1987 വരെ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിൽ മെഡിക്കൽ ഓഫീസറുമായിരുന്നു. പക്ഷാഘാതത്തെതുടർന്ന്‌ പൊതുരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. 2013ൽ കുറവിലങ്ങാട് എം.എ. ജോൺ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ്‌ പക്ഷാഘാതമുണ്ടാകുന്നത്‌.
പത്തനംതിട്ടയിലെ വാളക്കുഴിയിൽ എ. അയ്യപ്പന്റെയും കല്യാണിയുടെയും മകനാണ്‌. ഭാര്യ: ബീബി ജോൺ (റിട്ട. അധ്യാപിക, ഗവ. ഹെെസ്കൂൾ, എളമക്കര). മക്കൾ: അജിത് പ്രശാന്ത്, അനന്തു പ്രവീൺ (കുസാറ്റിൽ എൽ.എൽ.ബി വിദ്യാർഥി).

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!