കൂട്ടുപുഴയിൽ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തനം തുടങ്ങി

Share our post

ഇരിട്ടി: 39 വർഷത്തോളമായി കിളിയന്തറയിൽ പ്രവർത്തിച്ചു വന്നിരുന്ന എക്സൈസ് ചെക്ക്‌പോസ്റ്റ് കേരള – കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം പ്രവർത്തനമാരംഭിച്ചു. നോർത്ത് സോൺ ജോയിൻറ് എക്സൈസ് കമ്മീഷണർ പ്രേംകൃഷ്ണ ഇതിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

കണ്ണൂർ എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി.എ. ഷാജി അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ രജനീഷ്, ഇൻസ്പെക്ടർ ഷാജി, കെ.എസ്. സി. എസ്. എ ജില്ലാ സെക്രട്ടറി രാജേഷ്, ജില്ലാ പ്രസിഡണ്ട് സുകേഷ് കുമാർ, പായം പഞ്ചായത്ത് അംഗം അനിൽ എം കൃഷ്ണ, എക്സൈസ് ഇൻസ്പെക്ടർ അനീഷ മോഹൻ എന്നിവർ സംസാരിച്ചു. 1984 മുതൽ കിളിയന്തറയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ചെക്ക് പോസ്റ്റാണ് കൂട്ടുപുഴയിലേക്ക് മാറ്റി സ്ഥാപിച്ചത്.

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയാണ് കിളിയന്തറ. അതിർത്തിയിൽ നിന്നും ഏറെ മാറി ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത് ലഹരിക്കടത്തുകാർക്ക് ചെക്ക്‌പോസ്റ്റ് വെട്ടിച്ച് വിവിധ മേഖലകളിൽ എത്തിച്ചേരുന്നതിന് വഴിയൊരുക്കിയിരുന്നു. അതിർത്തിയിലെ കൂട്ടുപുഴ പാലം കടന്ന ഉടനെയുള്ള നിരവധി ഊടുവഴികളിലൂടെ എക്സൈസ് പരിശോധന വെട്ടിച്ച് കടത്തു സംഘങ്ങൾ പോകുന്നതായി നിരവധി പരാതികളും ഉയർന്നിരുന്നു.

പുതിയ പാലം യാഥാർത്ഥ്യമായതോടെ ഇതിന് സമീപം എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് വിഭാഗം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇത് അംഗീകരിച്ച് സർക്കാർ ഉത്തരവായതോടെ നിർമ്മിതി കേന്ദ്രയാണ് 21 ലക്ഷം രൂപ ചെലവിൽ ശീതീകരണ സംവിധാനത്തോടെയുള്ള കണ്ടെയ്‌നർ കെട്ടിടം സ്ഥാപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!