മനം കവരും മൺസൂൺ യാത്രകളുമായി കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ

കണ്ണൂർ : കുറഞ്ഞ ചെലവിൽ മനോഹര കാഴ്‌ചകളും ഹൃദ്യമായ അനുഭവങ്ങളും പകരുന്ന കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് വിനോദ സഞ്ചാരികളുടെ മനം കവരുന്നു. കണ്ണൂർ ഡിപ്പോ ഒരു വർഷം മുമ്പ് തുടങ്ങിയ മൺസൂൺ ടൂറിസം യാത്രകളാണ് വൻഹിറ്റായത്. 330 ട്രിപ്പുകളിലായി 12,000 പേരാണ് ഇതുവരെ ഇതിന്റെ ഭാഗമായത്. ഇതുവഴി എകദേശം രണ്ടര കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. സുരക്ഷിത യാത്ര, മികച്ച ഭക്ഷണം, താമസ സൗകര്യം, ഗൈഡുകൾ എന്നീ സംവിധാനങ്ങളാണ് പാക്കേജിനെ ആകർഷകമാക്കിയത്. സൂപ്പർ എക്‌സ്‌പ്രസ് സെമി സ്ലീപ്പർ ബസ്സിലാണ് യാത്ര.
ആസ്വദിക്കാം വാഗമൺ –മൂന്നാർ
ജൂൺ 30, ജൂലൈ ഏഴ്, 21 തീയതികളിലാണ് വാഗമൺ –മൂന്നാർ യാത്ര. രാത്രി ഏഴിന് കണ്ണൂരിൽനിന്ന് പുറപ്പെടും. ആദ്യ ദിനം വാഗമൺ. രണ്ടാം ദിനം മൂന്നാർ. 4100 രൂപയാണ് ചെലവ്.
ജൂൺ 30ന് രണ്ട് ദിവസത്തെ മൂന്നാർ ടൂർ പാക്കേജുണ്ട്. രാവിലെ ഏഴിന് പുറപ്പെടും. 2960 രൂപയാണ് ചെലവ്.
റാണിപുരം മല കയറാം
ഞായറാഴ്‌ചകളിലെ റാണിപുരം –ബേക്കൽ സാഹസിക യാത്ര കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തും. റാണിപുരം ഹിൽ സ്‌റ്റേഷൻ, ബേക്കൽ കോട്ട, ബീച്ച് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം. റാണിപുരത്ത് രണ്ടര കിലോമീറ്റർ ട്രക്കിങ്ങുണ്ടാവും. 1050 രൂപയാണ് നൽകേണ്ടത്.
കണ്ണൂരിന്റെ മലയോരത്തുകൂടി
ജൂലൈ ഒമ്പത്, 23 തീയതികളിൽ പൈതൽ മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവ കാണാം. രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും. ഫാസ്‌റ്റ് പാസഞ്ചർ ബസ്സിലാണ് യാത്ര. ഭക്ഷണമടക്കം 830 രൂപ.
കണ്ണൂർ ഡി.ടി.ഒ വി. മനോജ്‌കുമാർ, ജനറൽ കൺട്രോൾ ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദൻ, ടൂറിസം ജില്ലാ കോ–ഓഡിനേറ്റർ കെ.ജെ. റോയി എന്നിവരാണ് ടൂർ പാക്കേജിന് നേതൃത്വം നൽകുന്നത്. ഫോൺ: 9496131288, 8089463675.
വയനാടിനെ അറിയാൻ
വയനാട്ടിലേക്ക് രണ്ട് പാക്കേജ്. ഞായറാഴ്‌ചളിലെ വയനാട് ഒന്ന് പാക്കേജിലെ യാത്ര പുലർച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് സമാപിക്കും. തുഷാരഗിരി വെള്ളച്ചാട്ടം, പൂക്കോട് തടാകം, എൻ ഊര് ആദിവാസി പൈതൃകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവിടങ്ങളാണ് സന്ദർശിക്കുക. എൻട്രി ഫീസും ഭക്ഷണവുമടക്കം 1310 രൂപ.
വയനാട് രണ്ട് ടൂർ ജൂലൈ രണ്ട്, 16, 30 തീയതികളിൽ. രാവിലെ 5.45ന് പുറപ്പെട്ട് പുലർച്ചെ മൂന്നിന് തിരിച്ചെത്തും. സൂചിപ്പാറ വെള്ളച്ചാട്ടം, തൊള്ളായിരംകണ്ടി എക്കോ പാർക്ക്(ഗ്ലാസ് ബ്രിഡ്‌ജ് പാർക്ക്), മുത്തങ്ങ വന്യ ജീവി സങ്കേതത്തിലൂടെ നൈറ്റ് ജംഗിൾ സവാരി എന്നിവയാണ് ഉൾപ്പെടുത്തിയത്. ഭക്ഷണമടക്കം 2350 രൂപ.