കണ്ണപുരം റെയിൽവേ സ്റ്റേഷൻ അവഗണനയുടെ ട്രാക്കിൽ

കണ്ണപുരം : കണ്ണപുരം റെയിൽവെ സ്റ്റേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉയർന്ന നിലവാരത്തിലുള്ള സ്റ്റേഷനാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഒത്താശയോടെ പൂട്ടാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വർഷങ്ങളായി പുതുതായി ഒരു ട്രെയിനിനുപോലും സ്റ്റോപ്പ് അനുവദിക്കാതെയും കോവിഡ് കാലത്ത് ഒഴിവാക്കിയ അഞ്ച് വണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഓരോന്നായി എടുത്ത് കളഞ്ഞുമാണ് സ്റ്റേഷനെ ഇല്ലാതാക്കുന്നത്. ടിക്കറ്റ് വിതരണവും സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചു. ചരക്ക് ബുക്കിങ് ഓഫീസ് സേവനം നിർത്തലാക്കി ഒരു മാസത്തിനകം ടിക്കറ്റ് റിസർവേഷൻ സൗകര്യവും ഇല്ലാതാക്കി. രണ്ട് കൊമേഴ്സ്യൽ ബുക്കിങ് സ്റ്റാഫ് ഉണ്ടായിരുന്നിടത്ത് ആരുമില്ലാതായി. അടുത്തകാലംവരെ കൊമേഴ്സ്യൽ ബുക്കിങ് സേവനം സ്വകാര്യ ഏജൻസിയാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞയാഴ്‌ച അതും നിർത്തലാക്കി.
കോവിഡ് കാലത്ത് നിർത്തലാക്കിയ ഓഖ, വരാവെൽ, ഗാന്ധി ധാം, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് വണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചതായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചെങ്കിലും തീരുമാനം കടലാസിലൊതുങ്ങി. ചെന്നൈ സൂപ്പർഫാസ്റ്റ്, കോയമ്പത്തൂർ ഇന്റർസിറ്റി, ബംഗളൂരു എക്സ്പ്രസ് വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ദീർഘകാലങ്ങളായുള്ള ആവശ്യവും പരിഗണിച്ചില്ല. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാനോ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനോ തയ്യാറായില്ല.
റെയിൽവേ സ്റ്റേഷൻ ഫുട്ഓവർ ബ്രിഡ്ജിന്റെ എല്ലാ പടവുകളിലെയും ടൈലുകൾ ഇളകി. പ്ലാറ്റ് ഫോമിന് ഇരുവശങ്ങളിലുമായി ചുറ്റും കാടുകയറി. പ്ലാറ്റ്ഫോമുകളിൽ വെള്ളം കയറി പായൽ പിടിച്ചതിനാൽ യാത്രക്കാർ തെന്നി വീഴുകയാണ്. പൊളിഞ്ഞ ഫെൻസിങ് മാറ്റി ചെങ്കൽ മതിലുകൾ പണിയണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല. മെയിൻ റോഡിൽനിന്ന് സ്റ്റേഷനിലേക്കുള്ള വഴിയിൽ കുറുകെ കേബിളിടാൻ എടുത്ത കുഴിപോലും ശരിയായ രീതിയിൽ മൂടിയിട്ടില്ല. രണ്ട് മുനിസിപ്പാലിറ്റിയിലെയും ആറ് പഞ്ചായത്തുകളിലെയും ജനങ്ങൾ റെയിൽ യാത്രക്ക് ആശ്രയിക്കുന്നത് കണ്ണപുരത്തിനെയാണ്. സ്റ്റേഷനെ അവഗണിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പാപ്പിനിശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവാഴ്ച രാവിലെ പത്തിന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.