ബി.എസ്-4 വാഹനത്തിന് ഇനി വര്‍ഷം രണ്ടുതവണ പുകപരിശോധന; കേന്ദ്ര നിര്‍ദേശം മറികടന്ന് സംസ്ഥാനം

പുക പരിശോധനാ കേന്ദ്ര ഉടമകള്‍ക്കുവേണ്ടി കേന്ദ്രചട്ടം മറികടന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തിയതും മന്ത്രി ആന്റണി രാജു ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശ മറികടന്നെന്ന് രേഖകള്‍.
ഗതാഗതസെക്രട്ടറി ബിജുപ്രഭാകറിന്റെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെയും ശുപാര്‍ശകള്‍ മറികടന്നാണ് പുകപരിശോധനാകേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനം മന്ത്രിയെടുത്തത്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകപരിശോധനാ നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ചെങ്കിലും കാലാവധി കുറയ്ക്കുന്നത് കേന്ദ്രചട്ടത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
1989-ലെ കേന്ദ്രമോട്ടോര്‍വാഹനചട്ടം 115(7) മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പുകപരിശോധാകേന്ദ്ര ഉടമകളുടെ സംഘടന നല്‍കിയ നിവേദനത്തിലാണ് മന്ത്രിയുടെ തീരുമാനം. ബി.എസ് 4-ല്‍പ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണം. 80 രൂപയ്ക്ക് ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടിയിരുന്നിടത്ത് രണ്ടുതവണയായി 160 രൂപ നല്‍കേണ്ടിവരും. നാലുകോടി രൂപയുടെ വരുമാനനേട്ടം ഇതുവഴി പുകപരിശോധനാകേന്ദ്രങ്ങള്‍ക്കുണ്ടാകും.
ഓഗസ്റ്റിലാണ് പുകപരിശോധനനിരക്കുകള്‍ ഉയര്‍ത്തിയത്. തന്റെ ശുപാര്‍ശയ്ക്ക് എതിരാണെങ്കിലും മന്ത്രിയുടെ നിര്‍ദേശപ്രകാരം ഗതാഗത സെക്രട്ടറി ഉത്തരവ് ഇറക്കുകയായിരുന്നുവെന്ന് ഫയല്‍നോട്ടില്‍ വ്യക്തമാണ്. വാഹനങ്ങള്‍ പരിശോധിക്കുന്ന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്‍) ഇതുവരെ നാലുമാസത്തിലൊരിക്കലായിരുന്നു. ഇത് ആറുമാസമായി ഉയര്‍ത്തണമെന്ന സംഘടനകളുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.
ഇത് കേന്ദ്രനിയമത്തിന് എതിരാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ ഫലം ലഭിക്കണമെങ്കില്‍ നാലുമാസം കൂടുമ്പോള്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ടെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. യന്ത്രങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ മാനദണ്ഡ പ്രകാരം വര്‍ഷം മൂന്നുപ്രാവശ്യമെങ്കിലും പരിശോധന നടത്തേണ്ടതുണ്ട്.