പരിയാരം-കണ്ണൂർ: കാലവർഷം ശക്തമാകുന്നതിനു മുന്നെ തന്നെ പകർച്ച വ്യാധികൾ വ്യാപകമാകുമ്പോൾ കണ്ണൂരിലെ ആരോഗ്യമേഖലയിൽ ആശങ്ക. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സാങ്കേതിക കാരണങ്ങളാൽ ശമ്പളം മുടങ്ങുന്നതും ജില്ലാ ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുമാണ് കണ്ണൂരിന് ഭീഷണിയാകുന്നത്.
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് ഡോക്ടർമാരുടേയും ജീവനക്കാരുടേയും ശമ്പളം മുടങ്ങുന്നത്. ഫണ്ടിന്റെ കുറവും സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞ് ശമ്പള വിതരണം തടസപ്പെടുത്തുന്നതിനെതിരെ ഡോക്ടർമാർ സമരരംഗത്താണ്.
മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത കാലം മുതൽ ജീവനക്കാരുടെയും ഡോക്ടർമാരുടെയും പ്രതിമാസ ശമ്പളവിതരണത്തിൽ കൃത്യത ഇല്ലായ്മയും ആനുകൂല്യ വിതരണത്തിൽ അപാകതയുമാണ്.സേവന വിഷയങ്ങളിൽ സർക്കാർ മെഡിക്കൽ കോളേജിന് തുല്യമായി ചുമതലകൾ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോഴും വേതനം നേടിയെടുക്കാൻ പരിയാരത്തെ ഡോക്ടർമാർക്ക് സമരം ചെയ്യേണ്ട അവസ്ഥയാണ്.
ശമ്പള പരിഷ്‌കരണവും ഡി.എ വർദ്ധനയും നടപ്പാക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സാങ്കേതികത്വത്തിൽ കുടുങ്ങി ശമ്പളംകണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സർക്കാർ സർവീസിലേക്ക് സ്ഥിരപ്പെടുത്താൻ യോഗ്യരായ ഡോക്ടർമാർക്ക് രണ്ടുതരത്തിലുള്ള വ്യവസ്ഥകൾ ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചിരുന്നു. ഇതിൽ ഏത് വ്യവസ്ഥയാണ് സ്വീകരിക്കുന്നതെന്ന് ഓപ്ഷൻ നൽകണമെന്ന് നിർദ്ദേശിച്ച പ്രകാരം പരിയാരത്തെ ഡോക്ടർമാർ സെപ്റ്റംബർ 20ന് ഓപ്ഷൻ കൊടുത്തതാണ്. ഇവരുടെ ശമ്പളവിതരണം സ്പാർക്കിലേക്ക് മാറ്റുന്നതിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം.
5 വർഷമായിട്ടും മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ട് അഞ്ചുവർഷമായിട്ടും ആശുപത്രി ഫണ്ടിൽ നിന്ന് ശമ്പളം നൽകുന്ന രീതിയാണ് ഇപ്പോഴും. നാലു മാസത്തോളമായി മുടങ്ങി കിടക്കുന്ന കുടിശിക ഉടനടി നൽകി ശമ്പള വിതരണത്തിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യമാണ് ഇപ്പോൾ ഡോക്ടർമാർ ഉന്നയിക്കുന്നത്. രണ്ടായിരത്തിലധികം ജീവനക്കാരുള്ള മെഡിക്കൽ കോളേജിലെ നാലിലൊന്ന് ജീവനക്കാരുടെ തസ്തിക നിർണ്ണയിച്ച് സ്ഥിരപ്പെടുത്തൽ മാത്രമാണ് പൂർത്തിയായത്. ഡോക്ടർമാരെയടക്കം സർക്കാർ ജീവനക്കാരാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായില്ല.
ജില്ലാ ആസ്പത്രിയിൽരാത്രിയും കാത്തിരിപ്പ്മാസങ്ങൾക്ക് മുൻപ് ഹൗസ് സർജൻ അടക്കം മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രം. ഇത് രോഗികൾക്ക് രാത്രി ഏറെ വൈകിയും ചികിത്സക്കായി കാത്തുനിൽക്കുന്നതിന് ഇടയാക്കുന്നു.
നിയമനം നടത്തിയ രണ്ട് ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറി പോയതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിലെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വൈകുന്നേരമായാൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന പരാതിയുണ്ട്. അതേസമയം, ജില്ലാ ആസ്പത്രിയിൽ ഉടൻ തന്നെ ഡോക്ടറുടെ നിയമനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.