റബര്‍ ഫാക്ടറി സുരക്ഷാ ജീവനക്കാരനെ അസം സ്വദേശി തലയ്ക്കടിച്ച് കൊന്നു

കോട്ടയം: പൂവന്‍തുരുത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊന്നു. ളാക്കാട്ടൂര്‍ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്.
റബര്‍ ഫാക്ടറിക്കുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വ്യവസായ മേഖലയാണ് കോട്ടയത്തെ പൂവൻതുരുത്ത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റബര്‍ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ജോസ്. ഇതേ മേഖലയിലെ മറ്റൊരു കമ്പനിയിലെ ജോലിക്കാരനാണ് അക്രമി. ഇയാള്‍ ഇന്നലെയാണ് അസമില്‍ നിന്നും സംസ്ഥാനത്തെത്തിയത് എന്നാണ് വിവരം.
ഇയാള്‍ ഫാക്ടറിയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ജോസിനെ പ്രതി കമ്പി വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളി കമ്പനിയ്ക്കുള്ളിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഈ കമ്പനിയ്ക്കുള്ളിൽ കയറുന്നത് ജോസ് തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോസിന്റെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഓടി രക്ഷപ്പെടാന്‍ ശ്രിമിച്ച പ്രതിയെ പിടികൂടുന്നത്. നിലവിൽ ഇയാൾ കോട്ടയം ഇാസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ജോസിന്റെ മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.