പ്രഖ്യാപനം മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ; ആറ് യുവതികളുടെ വിവാഹത്തിന് സ്വർണാഭരണങ്ങളും ഭക്ഷണച്ചെലവും നൽകും

മട്ടന്നൂര്‍: മകളുടെ വിവാഹ സല്‍ക്കാരദിനത്തില്‍ നിർധനരായ ആറ് യുവതികളുടെ വിവാഹത്തിന് സ്വർണാഭരണങ്ങളും ഭക്ഷണച്ചെലവും നൽകുമെന്ന് അച്ഛന്റെ പ്രഖ്യാപനം. പട്ടാന്നൂര്‍ കൊളപ്പയിൽ ഗുരുകൃപാ ജ്യോതിഷാലയം നടത്തുന്ന ഉത്തിയൂരിലെ കെ വിനോദാണ് ആറ് പെണ്‍കുട്ടികള്‍ക്ക് തണലാകുന്നത്. വിനോദ് –രമിത ദമ്പതികളുടെ മകൾ കെ. അന്നദയുടെ വിവാഹം കാഞ്ഞങ്ങാട് സ്വദേശിയായ ശരത്തുമായി കഴിഞ്ഞ ദിവസം നടന്നിരുന്നു. തുടർന്ന് നടത്തിയ സൽക്കാര ചടങ്ങിലായിരുന്നു വിനോദിന്റെ പ്രഖ്യാപനം.
വീടിന് സമീപത്തായി നടന്ന പരിപാടിയിൽ എ.കെ.ജി ആസ്പത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷനായി. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എൻ.വി. ചന്ദ്രബാബു, സി.വി. ശശീന്ദ്രൻ, ബിജു ഏളക്കുഴി, കെ.വി. ജയചന്ദ്രൻ, എൻ. രാജൻ, എം. രാജൻ, വി.കെ. സുഗതൻ, സീന ഇസ്മായിൽ, കെ. ജയൻ എന്നിവര്‍ സംസാരിച്ചു. ഐ.ആർ.പി.സിക്കുള്ള സഹായം പി. പുരുഷോത്തന്‍ ഏറ്റുവാങ്ങി.
പിതാവ് കെ. കൃഷ്ണൻ ഗുരുക്കളുടെ സ്മരണയ്ക്കായി മട്ടന്നൂർ നഗരസഭയുടെയും കൂടാളി പഞ്ചായത്തിന്റെയും പരിധിയിലുള്ള യുവതികൾക്ക് 2026ലാണ് സഹായം നൽകുക. മകളുടെ വിവാഹം 2026ൽ നടത്താനും അന്നേ ദിവസം തന്നെ യുവതികൾക്കുള്ള സഹായം നൽകാനുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹം നേരത്തെ നടക്കുകയായിരുന്നു.