എല്ലാവർക്കും വിദ്യാഭ്യാസം; അന്യസംസ്‌ഥാന തൊഴിലാളികളുടെ മക്കളെ സ്‌കൂളിൽ എത്തിച്ച് പഞ്ചായത്ത് മെമ്പർ
തൃക്കരിപ്പൂർ: അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കളെ പൊതുവിദ്യാലയത്തിലെത്തിച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യു. പി ഫായിസാണ് ബീരിച്ചേരി വാർഡിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ അഞ്ച് കുട്ടികളെ കണ്ടെത്തി സ്കൂളിൽ എത്തിച്ചത്.
പ്രദേശത്തെ മുഴുവൻ കുട്ടികളെയും വിദ്യാലയത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടർച്ചയായി വീടുവീടാന്തരം കയറിയിറങ്ങുന്നതിനിടയിലാണ് അതിഥി തൊഴിലാളികളുടെ മക്കൾ അക്ഷര മധുരം നുകരാതെ വീട്ടിൽത്തന്നെ ബാല്യം തളച്ചിടപ്പെടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.
ചെറുവത്തൂർ ബി. ആർ. സിയുടെ സമഗ്രമായ ഇടപെടലും പിന്തുണയുമാണ് പഞ്ചായത്ത് മെമ്പർക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രചോദനമായത്. ജാർഖണ്ഡ് സംസ്ഥാനത്തു നിന്നുള്ള കുട്ടികളാണ് ബീരിച്ചേരി ഗവൺമെന്റ് എൽ. പി സ്കൂളിലേയ്ക്ക് പുതുതായി പ്രവേശനം നേടിയത്.