ട്രെയിനിൽ ഒറ്റയ്‌ക്കായിരുന്ന വിദ്യാർത്ഥിനിയോട് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രം

ആലുവ: ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കേസിൽ റിമാൻഡിലായിരുന്ന ലോട്ടറി വകുപ്പ് ജീവനക്കാരന് ഉപാധികളോടെ കോടതി ജാമ്യം നൽകി. എറണാകുളം നോർത്തിൽ ഡോ. ഒ. കെ. മാധവിയമ്മ റോഡിൽ ശ്രീവിഹാർ തർത്താട്ട്പറമ്പിൽ കെ. എസ് ശ്രീരെയ്ക്കാണ് (55) എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത്.
എല്ലാ ശനിയാഴ്ച്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. ആലുവ മുപ്പത്തടം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.തിരുവനന്തപുരത്ത് പഠിക്കുന്ന വിദ്യാർത്ഥിനി ഇന്നലെ രാത്രി ഒമ്പത് മണിയോടെ എറണാകുളത്ത് സർവീസ് അവസാനിക്കുന്ന ട്രെയിനിലാണ് വീട്ടിലേക്ക് വന്നത്. എറണാകുളം എത്താറായപ്പോഴേക്കും വിദ്യാർത്ഥിനി കയറിയ കംപാർട്ടുമെന്റിൽ പ്രതി മാത്രമാണ് ഉണ്ടായിരുന്നത്.
അശ്ലീല ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ വിദ്യാർത്ഥിനി മൊബൈൽ ഫോൺ റെക്കോർഡിംഗിലാക്കി. സഹകരിച്ചാൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് കൈയ്യിൽ കയറിപ്പിടിച്ചതോടെ പെൺകുട്ടി കുതറിമാറി അടുത്ത കംപാർട്ടുമെന്റിലേക്ക് പോയി.
റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കാത്തുനിന്ന പിതാവിനൊപ്പം റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്ത് മജിട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഈസമയം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേസ് കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.