ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നത് പരിഗണനയിൽ; അഭിപ്രായം തേടി നിയമ കമ്മീഷന്‍

Share our post

ന്യൂഡല്‍ഹി : ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷന്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18- ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.

നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം സംഭവങ്ങള്‍ കോടതികള്‍ക്ക് മുന്നില്‍വന്നു.

ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. മെയ് 31-ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രായപരിധി സംബന്ധിച്ച ഇപ്പോഴത്തെ നിലപാട് സമൂഹ്യ യാഥാർഥ്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ചില ഗോത്ര വിഭാഗങ്ങളില്‍ ഇപ്പോഴും ചെറിയ പ്രായത്തില്‍ വിവാഹം നടക്കുന്നുണ്ട്. പരസ്പരം വിവാഹിതരായ ശേഷവും ആളുകള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിയില്‍ കിടക്കേണ്ടി വരുന്നു എന്ന വിഷയവും ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!