സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റ് നടപടികളുമായി പ്രവേശന പരീക്ഷാകമ്മിഷണർ

Share our post

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി പ്രവേശന പരീക്ഷാ കമ്മിഷണർ. രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത കൗൺസിലിങ് നടപ്പിലാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ഇറക്കിയെങ്കിലും ഏത് വർഷമാണ് നടപ്പിലാക്കുകയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല.

മാത്രമല്ല സംസ്ഥാന സർക്കാരുകളുമായി ധാരണയിൽ എത്തിയശേഷം മാത്രമേ നടപ്പിലാക്കൂവെന്ന് അധികൃതർ അറിയിച്ചിരുന്നു. ഏകീകൃത കൗൺസലിങ് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് ഇതുവരെ കേന്ദ്രത്തെ അറിയിച്ചിട്ടില്ല.

അതിനാൽ സംസ്ഥാന സർക്കാർ നിർദേശം ലഭിച്ചാൽ നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നപടികൾ അടുത്തയാഴ്ചയോടെ തുടങ്ങാനാണ് പ്രവേശന പരീക്ഷാകമ്മിഷണറേറ്റിന്റെ ആലോചന. മെഡിക്കൽ കമ്മിഷൻ പ്രവേശന നടപടികളുടെ നിയന്ത്രണം ഏറ്റെടുത്താൽ സർക്കാർ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയടക്കം മുഴുവൻ സീറ്റുകളും അവരാകും നികത്തുക.

കേരളത്തിൽ സർക്കാർ മേഖലയിലേതടക്കം 33 കോളേജുകളിലെ 4,700 എം.ബി.ബി.എസ്. സീറ്റുകൾക്കാണ് അനുമതിയുള്ളത്. കോന്നി, ഇടുക്കി സർക്കാർ മെഡിക്കൽ കോളേജുകളിലെ 100 സീറ്റുകളിൽ വീതം ഇക്കുറി പ്രവേശനം നടത്തും. എം.ബി.ബി.എസിന് കഴിഞ്ഞവർഷം രണ്ടാം അലോട്‌മെന്റിൽ 424 മുതൽ 898 വരെയായിരുന്നു ജനറൽ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച അവസാനറാങ്കുകാർ.

തുടർന്നുള്ള അലോട്‌മെന്റുകളിൽ വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമായിരുന്നു അവശേഷിച്ചത്. 696 റാങ്കിൽ ആദ്യ അലോട്‌മെന്റ് അവസാനിച്ചിരുന്നു. ബി.ഡി.എസിൽ 2194 മുതൽ 3865 വരെയുള്ള റാങ്കുകാർ ആദ്യ രണ്ട് അലോട്‌മെന്റുകളിൽ പ്രവേശനംനേടി.

സർക്കാർ കനിഞ്ഞാൽ 150 സീറ്റുകൾ കൂടി

പാലക്കാട് വാളയാറിലെ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് സംസ്ഥാനസർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റും ആരോഗ്യസർവകലാശാല അനുമതിയും നൽകിയാൽ ഇക്കുറി 150 മെഡിക്കൽ സീറ്റുകൾ കൂടി സ്വശ്രയ മേഖലയിൽ ലഭിക്കും. 2008 മുതൽ സംസ്ഥാന സർക്കാരിന്റെയും സർവകലാശാലയുടെയും അനുമതിക്കായി മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും പലകാരണങ്ങൾ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു.

ഇതേത്തുതുടർന്ന്‌ കോളേജ് സുപ്രീംകോടതിയെ സമീപിക്കുകയും കോടതി നിർദേശാനുസരണം ദേശീയമെഡിക്കൽ കമ്മിഷൻ കോളേജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ അനുമതി ലഭിച്ചാൽ 150 സീറ്റുകൾക്ക് ഇക്കൊല്ലംതന്നെ പ്രവേശനാനുമതി നൽകമെന്ന് പരിശോധനയ്ക്കുശേഷം മെഡിക്കൽ കമ്മിഷൻ സുപ്രീം കോടതിയെയും മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!