തിരുച്ചിറപ്പള്ളി ഐ.ഐ.ഐ.ടി.യിൽ ഗവേഷണം; എൻജിനിയറിങ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ

തിരുച്ചിറപ്പള്ളി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) 2023-24 ജൂലായ് സെഷൻ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എൻജിനിയറിങ് മേഖലയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലെ വിവിധ സവിശേഷമേഖലകളിൽ ഗവേഷണ അവസരമുണ്ട്. സയൻസ് വിഭാഗത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിലും ഹ്യുമാനിറ്റീസ് വകുപ്പിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നിവയിലുമാണ് പ്രവേശനം.
യോഗ്യത
എൻജിനിയറിങ്: എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ഡിഗ്രി ബൈ റിസർച്ച് (എം.എസ്. ബൈ റിസർച്ച്) അല്ലെങ്കിൽ ഗേറ്റ് സ്കോറും എൻജിനിയറിങ്/ടെക്നോളജി ബിരുദവും. പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള എൻജിനിയറിങ്/ടെക്നോളജി ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
ഫിസിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്: ബന്ധപ്പെട്ട വിഷയത്തിൽ സയൻസിൽ/ഹ്യുമാനീറ്റിസിൽ ഫസ്റ്റ് ക്ലാസ് ബാച്ച്‌ലർ അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം. എല്ലാ അപേക്ഷകരും യോഗ്യതാപ്രോഗ്രാം അന്തിമപരീക്ഷയിൽ വിഷയത്തിനനുസരിച്ച് നിശ്ചിതശതമാനം മാർക്ക്/ഗ്രേഡ് വാങ്ങിയിരിക്കണം. ഫുൾടൈം, പാർട്ട് ടൈം ഗവേഷണങ്ങൾക്കും ഇൻറർ ഡിസിപ്ലിനറി ഗവേഷണത്തിനും അവസരമുണ്ട്.
അപേക്ഷ
phdadmission.iiitt.ac.in/ വഴി ജൂൺ 17-ന് വൈകീട്ട് അഞ്ചുവരെ നൽകാം. കുറഞ്ഞ യോഗ്യതാവ്യവസ്ഥയും കാലാകാലങ്ങളിൽ സ്ഥാപനം നിർണയിക്കുന്ന അധികവ്യവസ്ഥകളും തൃപ്തിപ്പെടുത്തുന്നവരെ ബന്ധപ്പെട്ട വകുപ്പിന്റെ സെലക്ഷൻ കമ്മിറ്റി, ഇൻറർവ്യൂ/ടെസ്റ്റ് (ചിലപ്പോൾ രണ്ടും) എന്നിവയ്ക്ക് വിളിക്കും. എഴുത്തുപരീക്ഷ ജൂലായ് 13-ന് രാവിലെ 11 മുതൽ 12 മണിവരെ നടത്തും.
50 മാർക്കിനുള്ള 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ജനറൽ സ്കിൽസി (ഇംഗ്ലീഷ്, മാത്തമാറ്റിക്സ്) ൽനിന്നും 20 മാർക്കിനും ടെക്നിക്കൽ സ്കിൽസിൽ (ബന്ധപ്പെട്ട വിഷയത്തിൽ) നിന്നും 30 മാർക്കിനും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടാകും. ഈ ഘട്ടത്തിൽ ഗവേഷണ മേഖല/പ്രമേയം അവതരിപ്പിക്കണം.