ഐസ് വിറ്റും ആക്രി കൈമാറിയും വായന്നൂരിൽ കളിസ്ഥലമൊരുങ്ങുന്നു

കോളയാട് : നാട്ടിലെ ഉത്സവപ്പറമ്പിൽ ‘ഐസുംവണ്ടീം’ എത്തി. നാട്ടുകാരും കുട്ടികളും മധുരം നുണഞ്ഞതോടെ അവർക്ക് സ്വന്തമായൊരു കളിസ്ഥലവുമൊരുങ്ങി. എങ്ങനെയെന്നല്ലേ. ആ കഥയാണ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ ജനകീയ സമിതിക്ക് പറയാനുള്ളത്. ഐസ് വിറ്റും ആക്രിസാധനങ്ങൾ ശേഖരിച്ചും പണപ്പയറ്റ് നടത്തിയും 25 സെന്റ് സ്ഥലത്ത് നാടിന് സ്വന്തമായി കളിസ്ഥലവും നീന്തൽക്കുളവുമൊരുക്കിയ കഥ.
ഇവിടെ കളിക്കാനായി നല്ലൊരു മൈതാനമില്ലായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ‘ഒരുഗ്രാമം ഒരുലക്ഷ്യം ഒരു കളിസ്ഥലം’ എന്ന ലക്ഷ്യവുമായി ജനകീയ സമിതി രൂപവത്കരിച്ചത്. അന്ന് ഒരുരൂപ പോലും കൈമുതലായി ഇല്ലാതിരുന്ന സമിതി നാലുമാസത്തിനകം 10 ലക്ഷത്തോളം രൂപ നാട്ടിൽനിന്ന് മാത്രം സമാഹരിച്ചു. അങ്ങനെ കണ്ണമ്പള്ളിയിലെ സ്വകാര്യവ്യക്തിയുടെ നീന്തൽക്കുളമടക്കുള്ള 25 സെന്റ് സ്ഥലം നാട്ടുകാർക്ക് സ്വന്തമാകും. ഈ മാസം അവസാനം സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടക്കും. കളിസ്ഥലത്തിനായി തുക കണ്ടെത്തിയ രീതിയാണ് കൗതുകകരം.
പണപ്പയറ്റ്, സമ്മാനക്കൂപ്പൺ, ലോട്ടറി…
ഐസ് വില്പന നടത്തി നേടിയത് 50,000 രൂപ. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് വീടുകളിൽനിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചു. ഇവ വിറ്റ് 40,000 രൂപ കിട്ടി. കൂടുതൽ തുക ലഭിച്ചത് പണപ്പയറ്റിലൂടെ. പഴയകാല ഗ്രാമാന്തരീക്ഷം പുനഃസൃഷ്ടിച്ച് പണപ്പയറ്റിനായി സ്ഥലവും തീയതിയും ഉറപ്പിച്ചു. നാട്ടുകാർക്കായി ചായയും പലഹാരവുമൊരുക്കി. ഇതിലൂടെ രണ്ടുലക്ഷം രൂപ ലഭിച്ചു. സമ്മാനക്കൂപ്പൺ പദ്ധതിയും നടത്തി.
പെട്രോൾ, ഡീസൽ, ആട്, കോഴി, മുട്ട, നോട്ട് ബുക്ക്, ബൾബ് എന്നിങ്ങനെ 76 ഇന സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് നറുക്കെടുപ്പ്. സമ്മർ ബംബർ ലോട്ടറി ടിക്കറ്റുകൾ വാങ്ങി കമ്മിഷൻ ഇനത്തിലും സമ്മാനത്തുകയുമെല്ലാം ചേർത്ത് ചെറിയൊരു തുകയും കിട്ടി. ഇതിനുപുറമെ ‘നാടിനൊരു വിഷുക്കൈനീട്ടം’ എന്ന പേരിൽ ജനകീയ ഫണ്ട് സമാഹരണം നടത്തി. 10,000 രൂപവരെ സംഭാവനയായി നൽകിയ നാട്ടുകാരുണ്ട്. രജിസ്‌ട്രേഷനുശേഷം സ്ഥലം പഞ്ചായത്തിന് വിട്ടുനൽകാനാണ് സമിതിയുടെ തീരുമാനം. ഇവിടെ മറ്റു നിർമാണപ്രവൃത്തികളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കാനായി നിരീക്ഷണസമിതിയുമുണ്ടാകും.
പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, പി.സുരേഷ് എന്നിവരാണ് സമിതി രക്ഷാധികാരികൾ. ഒ.ഗിരീഷ് പ്രസിഡന്റും കെ.സുരേഷ് സെക്രട്ടറിയും സി.എം.സനൂപ് ഖജാൻജിയുമായുള്ള 19 അംഗ സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.