ഇരുൾ മൂടുന്ന കണ്ണൂർ നഗരം: തപ്പിത്തടഞ്ഞ് യാത്രക്കാർ

കണ്ണൂർ : സമൂഹവിരുദ്ധരുടെ വേരറുക്കാൻ നഗരത്തിൽ പോലീസ് പരിശോധനയും നിയന്ത്രണങ്ങളും മാത്രം മതിയോ? നഗരത്തിലെ പ്രധാന ഭാഗങ്ങളിലെങ്കിലും ഇരുട്ട് ഭയക്കാതെ നടക്കാനുള്ള സാഹചര്യവും വേണ്ടേ. ദിവസവും നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് സമീപത്തെ റോഡ് ഇരുട്ടിലായിട്ട് നാളുകളായി. ഇതിനുസമീപത്തായാണ് കഴിഞ്ഞദിവസം ലോറിഡ്രൈവറായ യുവാവിനെ സമൂഹവിരുദ്ധർ കുത്തിക്കൊന്നത്.
രാത്രിയിൽ തീവണ്ടിയിറങ്ങി നഗരത്തിലെത്താൻ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി വാഹനങ്ങൾ നിർത്തിയിടുന്നതും പതിവാണ്. അതിനാൽ നടപ്പാതയിലേക്ക് പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും സമൂഹവിരുദ്ധരുടെ ശല്യവും കൂടുതലാണ്. ഇരുട്ടിൽ നടപ്പാതയിലൂടെ നടക്കുമ്പോൾ അടുത്തെത്താറാകുമ്പോഴാണ് പലരും പതുങ്ങിനിൽക്കുന്നത് അറിയാറുള്ളത്. മെയിൻ റോഡ് എത്തുംവരെ ഭയന്നാണ് നടക്കാറുള്ളതെന്നാണ് സ്ത്രീയാത്രക്കാർ പറയുന്നത്.
ദൂരസ്ഥലങ്ങളിൽ ജോലി കഴിഞ്ഞെത്തുന്ന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. ഈ റോഡിൽ പാർക്കിങ് തടയാൻ പോലീസ് ട്രാഫിക് കോണുകൾ വെയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും അതൊന്നും പാലിക്കാതെ വാഹനങ്ങൾ നിർത്തിയിടാറുണ്ടെന്നും യാത്രക്കാർ പറയുന്നു.