വൈവിധ്യങ്ങളെ നിലനിർത്തണം’: ഏകീകൃത സിവിൽ കോഡിനെതിരെ കോൺഗ്രസ്

Share our post

ഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഇത്തരം നിയമം നടപ്പിലാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്‌ പറഞ്ഞു. വൈവിധ്യങ്ങളെ നിലനിർത്തണമെന്ന നിലപാടാണ് കോൺഗ്രസിനെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ദേശീയ നിയമ കമ്മീഷൻ ആദ്യ ചുവടുവെച്ചതോടെയാണ് വീണ്ടും വിവാദം ഉയർന്നുവരുന്നത്. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയതോടെയാണ് നാല് വർഷത്തിന് ശേഷം ഏകീകൃത സിവിൽ കോഡ് വീണ്ടും ചർച്ചയാകുന്നത്.

പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നുമാണ് അഭിപ്രായം തേടിയത്. 30 ദിവസത്തിനുള്ളിലാണ് അഭിപ്രായം അറിയിക്കേണ്ടത്. ഇ മെയിൽ മുഖേനയോ തപാലിലോ അഭിപ്രായം അറിയിക്കാം.

ഉത്തരാഖണ്ഡ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഠന സമിതിയെ നിയോഗിച്ചതിനു പിന്നാലെയാണ് കമ്മീഷൻ പൊതു അഭിപ്രായം തേടിയത്. കഴിഞ്ഞ നിയമ കമ്മീഷന്റെ കാലത്ത് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചെങ്കിലും മുന്നോട്ട് പോയില്ല. പുതിയ കമ്മീഷൻ ചുമതലയേറ്റെടുത്ത് ആദ്യ വർഷം തന്നെ ഏകീകൃത സിവിൽ കോഡിനുള്ള തുടക്കമിട്ടിരിക്കുകയാണ്.

അയോധ്യയിലെ രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡുമാണ് ബി.ജെ.പി പ്രകടന പത്രികയിലെ രണ്ട് വാഗ്ദാനങ്ങൾ. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ല് കൊണ്ടുവരാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളെ മറ്റു പ്രതിപക്ഷ പാർട്ടികളെ കൂട്ടിയിണക്കി എതിർക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!