ടി.വി, സ്മാര്‍ട് ഫോണ്‍ ഉള്‍പ്പടെയുള്ളവയുടെ വില കുറച്ച് വിപണി പിടിക്കാന്‍ കമ്പനികള്‍

Share our post

ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യത. ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ വിലയും ഫാക്ടറികളിലേയ്ക്കുള്ള ചരക്ക് നീക്കത്തിനുള്ള ചെലവും കുറഞ്ഞതാണ് കാരണം. കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി റെക്കോഡ് ഉയരത്തില്‍ എത്തിയശേഷമാണ് വില താഴുന്നത്.

ഒരു വര്‍ഷത്തോളമായി താഴ്ന്നു നില്‍ക്കുന്ന ഡിമാന്‍ഡ് വര്‍ധിപ്പിക്കാനായി ദീപാവലി ഉത്സവ സീസണില്‍ വില കുറച്ച് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. നിര്‍മാണ ചെലവില്‍ കുറവുണ്ടായതോടെ ഉപഭോക്തൃ ഉത്പന്ന കമ്പനികളുടെ ലാഭം ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ചൈനയില്‍നിന്ന് കണ്ടെയ്‌നര്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ ചെലവ് 8,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ 800-1000 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തിട്ടുണ്ട്.

വികസിത വിപണികളിലെ മാന്ദ്യഭീതിയും വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഡിമാന്റിലെ ഇടിവുംമൂലം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഘടകഭാഗങ്ങളുടെ വിലയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ചിപ്പുകള്‍, ക്യാമറ മൊഡ്യൂളുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഘടകങ്ങളുടെയും വില കുത്തനെ കുറഞ്ഞു. ഡിമാന്റ് ഇടിഞ്ഞതിനാല്‍ കണ്ടെയ്‌നറുകള്‍ നിറയാത്ത സാഹചര്യവും നിലവിലുണ്ട്. ഇത് ചരക്ക് നീക്കത്തെ ബാധിച്ചതായും പറയുന്നു.

വിപണിയില്‍ ലിസ്റ്റ് ചെയ്ത ഡിക്‌സണ്‍ ടെക്‌നോളജീസ്, ഹാവെല്‍സ്, ബ്ലൂ സ്റ്റാര്‍ എന്നീ കമ്പനികള്‍ ഈവര്‍ഷം അധിക ലാഭമുണ്ടാകുമെന്ന് കഴിഞ്ഞ പാദത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ടെലിവിഷന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ടതും വിലകൂടിയതുമായ ഓപ്പണ്‍ സെല്‍(പാനല്‍) വിലയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

കുറഞ്ഞ ഡിമാന്റും വിലയിടിവുംമൂലം ആഗോളതലത്തില്‍ ചിപ്പ് കമ്പനികള്‍ കഴിഞ്ഞ പാദത്തില്‍ റെക്കോഡ് നഷ്ടമാണ് രേഖപ്പെടുത്തിയത്. ലോകത്തെതന്നെ ഏറ്റവും വലിയ ചിപ് നിര്‍മാതാക്കളായ സാംസങിന്റെ പ്രവര്‍ത്തന ഫലത്തില്‍ കഴിഞ്ഞ പാദത്തില്‍ 95 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

14 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ലാഭമാണ് ഈ കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. തുടര്‍ച്ചയായി ചിപ്പ് വിലയില്‍ ഇടിവുണ്ടായതോടെ കമ്പനികള്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്തു.പണപ്പെരുപ്പം, പലിശ വര്‍ധന, ഐ.ടി മേഖലയിലെ തൊഴില്‍ നഷ്ടം എന്നിവ മൂലം കഴിഞ്ഞ ദീപാവലി സീസണുശേഷം ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനയില്‍ കാര്യമായ ഇടിവുണ്ടായി.

വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി ഇന്ത്യ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 16 ശതമാനമാണ് കുറവുണ്ടായത്. പണപ്പെരുപ്പം കുറയുന്നതും വിലയിലുണ്ടാകുന്ന കുറവും ഡിമാന്റ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!